തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു ശേഷമുള്ള ആദ്യ ദിവസം…ഞായറാഴ്ച…. അവധി ദിവസത്തിന്റെ ആലസ്യം. പക്ഷെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പ്രചരണത്തിന് തുടക്കമിട്ടതോടെ അവധി ദിവസത്തിന് അവധി നല്കി ജനങ്ങള്‍. ആവേശോജ്വല സ്വീകരണമാണ് എല്ലാസ്ഥലത്തും സ്ഥാനാര്‍ത്ഥിക്ക് നല്‍കിയത്. വെള്ളയമ്പലം ലാറ്റിന്‍ കാത്തലിക് ആര്‍ച്ച് ബിഷപ്പ് തോമസ് ജസൈയന്‍ നെറ്റോയുമായുള്ള കൂടിക്കാഴ്ചയോടെയായിരുന്നു തുടക്കം. സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നാടിന്റെ വികസനത്തിന് മുന്നില്‍ നില്‍ക്കുന്നവരെ ഒരു സന്ദേഹവും കൂടാതെ വിജയിപ്പിക്കുമെന്ന് ബിഷപ്പ് ഉറപ്പു നല്കി.
ബിഷപ്പിനെ കണ്ടശേഷം സ്ഥാനാര്‍ത്ഥി തിരുപുറം സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി സന്ദര്‍ശിച്ചു. പള്ളി വികാരി മോണ്‍. സെന്യോര്‍ ഡി. സെല്വരാജന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച് വിജയാശംസകള്‍ നേര്‍ന്നു. തിരുപുറം കോക്സ് മെമ്മോറിയല്‍ ഡിഎസ്ഐ ചര്‍ച്ചും അദ്ദേഹം സന്ദര്‍ശിച്ചു. ഓലത്താന്നി അരങ്ങില്‍ ശിവക്ഷേത്രത്തില്‍ അമൃത എം.നായര്‍ വൈശാഖ് എന്നിവരുടെ വിവാഹ നിശ്ചയത്തിലും പങ്കെടുത്തു.
മഞ്ഞക്കോട് അസംബ്ലീസ് ഓഫ് ഗോഡ് പള്ളിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ അരങ്കമുകള്‍ കൂടില്ലാ വീടും സന്ദര്‍ശിച്ചു. പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ദേവീക്ഷേത്രത്തില്‍. അവിടെ നടന്ന അഖില്‍ സുഭാഷ് ശ്രുതി എന്നിവരുടെ വിവാഹത്തിലും പങ്കെടുത്ത് നവദമ്പതികള്‍ക്ക് മംഗളാശംസ നേര്‍ന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗ്രഹമായ ‘കൂടില്ലാ വീടി’ന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര അരങ്കമുകളിലെ രാമകൃഷ്ണ പിള്ളയുടെ ജന്മഗൃഹം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടില്ലാ വീട് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് ഇവിടെ മാധ്യമപഠന കേന്ദ്രം ആരംഭിക്കണമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ സ്ഥാനാര്‍ത്ഥിയോട് ആവശ്യപ്പെട്ടു.
മാധ്യമ പഠന കേന്ദ്രത്തിനായി ഒരു കെട്ടിടവും ക്ലാസ് മുറികളും പണിയണമെന്നും സംരക്ഷണ സമിതി ചെയര്മാന് പി.കെ. ഉണ്ണികൃഷ്ണന് നായര്‍, വി.എസ്. രാജ്കുമാര് കൗണ്‍സിലര്‍ രമ എന്നിവര്‍ ആവശ്യപ്പെട്ടു.