ഞാൻ തിരുവനന്തപുരത്ത് പഠിച്ചതാണെ’ന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം തിരിച്ചു വരണം: രാജീവ് ചന്ദ്രശേഖർ.1 min read

 

തിരുവനന്തപുരം :താൻ ‘തിരുവനന്തപുരത്ത് പഠിച്ചതാണെ’ന്ന് ഓരോ യുവാക്കളും അഭിമാനത്തോടെ പറഞ്ഞിരുന്ന കാലം തിരിച്ചു കൊണ്ടു വരുമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ (എക്സ് പ്ലാറ്റ്ഫോം ) കുറിച്ചു.

തലസ്ഥാന ജില്ലയിൽ വിദ്യാഭ്യാസത്തിൻ്റെ ഭാവിയെന്ത് എന്നതിനെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അക്കാദമിക് രംഗത്തുള്ളവർ തുടങ്ങി പലരുമായും രാജീവ് ചന്ദ്രശേഖർ ചർച്ച നടത്തിയിരുന്നു. അവർ മുന്നോട്ടു വച്ച ആശയങ്ങൾ നടപ്പാവേണ്ടതുണ്ട്.

തിരുവനന്തപുരത്തെ ഒരു വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ ഹബ്ബ് ആക്കുന്ന കാര്യം മനസ്സിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖറിൻ്റെ ട്വിറ്റർ സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

ഇതിനായി വ്യവസായവും വിദ്യാലയങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. തുടക്കത്തിൽ തിരുവനന്തപുരത്തെ മുപ്പത് സ്‌കൂളുകളെങ്കിലും മാതൃകാ വിദ്യാലയങ്ങളായും തുടർന്ന് എല്ലാ സ്‌കൂളുകളേയും അങ്ങനെ ഉയർത്തുകയുമാണ് തൻ്റെ ലക്ഷ്യം.

”നമ്മുടെ കോളേജുകളിലും സ്‌കൂളുകളിലും വ്യവസായവുമായി സഹകരിച്ച് സജ്ജീകരിക്കപ്പെടുന്ന, അനുഭവ പഠനത്തിന് പര്യാപ്തമായ ആധുനിക ലാബുകൾ ഉണ്ടാകണം.
സ്കൂളുകളും കോളേജുകളും നമ്മുടെ യുവതലമുറയ്ക്ക് പഠിക്കാനും ചർച്ച ചെയ്യാനും അവരുടെ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാനുമുള്ള അക്രമരഹിത ഇടങ്ങളായിരിക്കണം. അവിടെ അക്രമങ്ങളിലൂടെ ആരും കൊല്ലപ്പെടാനും ആരെയും ഭീഷണിപ്പെടുത്താനും പാടില്ല”, രാജീവ് ചന്ദ്രശേഖർ പറയുന്നു.

നമ്മുടെ കുട്ടികൾ വിദേശത്ത് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം തേടിപ്പോകേണ്ട അവസ്ഥ ഇവിടെയുണ്ടാകരുത്. അവർക്ക് ഇവിടെ പഠിക്കാനുള്ള അവസരമൊരുക്കുകയാണ് വേണ്ടത്.
വിദ്യാഭ്യാസരംഗത്ത് തിരുവനന്തപുരത്തെ ഒരു ആഗോള ബ്രാൻഡായി ഉയർത്തണം – “തിരുവനന്തപുരത്ത് പഠിച്ചു” എന്നത് നമ്മുടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അഭിമാനത്തിൻ്റെ അടയാളമായി മാറണം, മാറും. അതിനായി പ്രയത്നിക്കുകയാണ് എൻ്റെ നിയോഗം’, രാജീവ് ചന്ദ്രശേഖർ തൻ്റെ കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *