തിരുവനന്തപുരം :ശ്രീ നാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ നടത്തിയ സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക വകുപ്പ് ശ്രീ നാരായണ അന്താരാഷ്ട്ര പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ സംഗമത്തിന്റെ ഭാഗമായുള്ള കഴക്കൂട്ടം മണ്ഡലത്തിലെ പ്രചാരണപരിപാടികൾക്ക് തുടക്കമായി. സർവമത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷം ഉജ്ജ്വലമായി സംസ്ഥാനത്ത് നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്ത് കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ പറഞ്ഞു.
സാംസ്‌കാരിക വകുപ്പിലെ വജ്രജൂബിലി ഫെലോഷിപ്പ് കലാപ്രവർത്തകരാണ്
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഫ്ലാഷ് മോബ്, മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നത്. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേരുന്ന ശതാബ്‌ദി ആഘോഷം ഫെബ്രുവരി 17ന് ചെമ്പഴന്തി ഗുരുകുലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
പാങ്ങപ്പാറ കുടുംബാരോഗ്യ അങ്കണത്തിൽ തുടക്കമിട്ട ഫ്ലാഷ് മോബിന്റെ ഉദ്ഘാടന പരിപാടിയിൽ കവിയും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് വൈശാഖി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ദിനേശ് കുമാർ എരമം എന്നിവർ മുഖ്യാതിഥികളായി.