കേരള നിയമസഭ പാസ്സാക്കിയ ജപ്തി വിരുദ്ധ ബില്‍ നിയമപരമായി നിലനിൽക്കില്ലെന്നറിഞ്ഞിട്ടും സർക്കാർ മേനി പറയുന്നതു കയ്യടി നേടാൻ : ദേശീയ ജനതാ പാർട്ടി1 min read

 

തിരുവനന്തപുരം: കേരള നിയമസഭ പാസ്സാക്കിയ ജപ്തി വിരുദ്ധ ബില്‍ നിയമപരമായി നിൽക്കില്ലെന്ന് അറിഞ്ഞു കൊണ്ട് അവതരിപ്പിച്ചതു ജനങ്ങളെ കബളിപ്പിച്ചു കയ്യടി നേടാനാണെന്ന് ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന എക്സിക്യുട്ടീവ് കുറ്റപ്പെടുത്തി. ജനങ്ങളുടെ സംരക്ഷകരാണെന്ന് വരുത്തി തീർക്കാനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള തന്ത്രമാണ് ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നത്.

2002-ൽ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ജനവിരുദ്ധമായ സര്‍ഫാസി ആക്ട് ഭേദഗതി ചെയ്യണം എന്ന ആവശ്യം ശക്തമായി നിരന്തരം ഉന്നയിക്കുന്ന പാർട്ടിയാണ് ദേശീയ ജനതാ പാർട്ടി. ഒരു സംസ്ഥാന നിയമം കൊണ്ട് ഒരു കേന്ദ്രനിയമത്തെ മറികടക്കാനാവില്ല. പാര്‍ലമെന്റ് പാസാക്കിയ സര്‍ഫാസി നിയമമല്ല 1968 ലെ കേരള നികുതി വസൂലാക്കല്‍ ആക്ട് ആണ് കേരളനിയമസഭ ഭേദഗതി ചെയ്തിരിക്കുന്നത്. കടക്കെണിയില്‍ വലയുന്ന പാവങ്ങളെ കുറേക്കാലത്തേക്കു പറഞ്ഞു പറ്റിക്കാമെന്നല്ലാതെ ഈ ബില്ലിന് ഒരു നിയമ സാധുതയുമില്ല.

ജപ്തി നേരിടുന്നവരെ സഹായിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടെങ്കിൽ സർഫാസി നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. സർഫാസി ബില്ലിലെ കെണികൾ മറികടക്കുന്ന ഭേദഗതി കൊണ്ടുവരാൻ ഇന്ത്യന്‍ പാര്‍ലമെന്റിനോ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിനോ മാത്രമേ സാധിക്കുകയുള്ളൂവെന്ന് ദേശീയ ജനതാ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ കൊലപാതകികളേയും കുടുംബത്തിലുള്ളവരേയും രക്ഷിക്കാൻ ഖജനാവിൽ നിന്നു വന്‍തുക മുടക്കി കോടതയില്‍ കേസ് നടത്തുന്ന സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ആവശ്യമുള്ള കാര്യങ്ങളില്‍ എന്തുകൊണ്ട് കേസിനു പോകുന്നില്ലെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം

ജപ്തി വിരുദ്ധ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിലെ ഒരു ബാങ്കിനും വീടോ സ്ഥലമോ ജപ്തി ചെയ്യാനാകില്ലന്നും ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് പുതിയ നിയമം ആശ്വസമാകുമെന്നും സര്‍ക്കാര്‍ ഏജൻസികൾ കോടികൾ മുടക്കി വെറുതെ പ്രചരിപ്പിക്കുകയാണ്. ഇത് നഷ്ടപ്പെട്ട പ്രതിശ്ചായ തിരികെ പിടിക്കാനുള്ള കേവലമായ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ദേശീയ ജനതാ പാർട്ടി കുറ്റപ്പെടുത്തി.

സര്‍ഫാസി ആക്ട് പ്രകാരം ജപ്തി നടപടികളില്‍ പെട്ട് വലയുന്ന കുടുംബങ്ങൾക്കും ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ തെരിവിലേക്ക് ഇറക്കിവിടാനുള്ള നോട്ടീസ് ഏതു നിമിഷവും വരുമെന്ന ഭീതിയില്‍ ഉറക്കം നഷ്ടപ്പെട്ട പതിനായിരക്കണക്കിനു കുടംബങ്ങള്‍ക്കും ഈ പ്രചാരണം പകരുന്ന ആശ്വാസം വളരെ വലുതാണ്. എന്നാൽ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും എയർ ചെയ്യപ്പെട്ടതൊക്കയും വാസ്തവ വിരുദ്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന് ദേശീയ ജനതാ പാർട്ടി ചൂണ്ടിക്കാട്ടി.

ഈ ബില്ലുകൊണ്ട് സര്‍ഫാസി ആക്ടിനു ഒരു മാറ്റവും സംഭവിക്കുമെന്നു കരുതാനാവില്ല. ജപ്തി നടപടികള്‍ അടിച്ചേൽപ്പിക്കാൻ ബാങ്കിനു അധികാരവും അവകാശവും നല്‍കുന്ന കരിനിയമം അങ്ങനെതന്നെ തുടരും. അതുകൊണ്ടു തന്നെ സര്‍ഫാസി ജപ്തി നടപടികളില്‍ നിന്നും ജനങ്ങൾക്ക് രക്ഷ കിട്ടില്ല. സർക്കാരിൻ്റെ അവകാശവാദം കേട്ട് ജനങ്ങൾ അതു വിശ്വസിക്കരുതെന്നും രക്ഷപെട്ടെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോയാല്‍ തിരിച്ചു കയറാനാകാത്ത വിധം കൂടുതല്‍ കെണിയില്‍ പെട്ടു പോയേക്കാമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു.

ചിലപ്പോൾ കേരളാ ബാങ്ക്, കേരളത്തിലെ സഹകരണ ബാങ്കുകള്‍ എന്നിവയില്‍ ഒരു പരിധി വരെ ഇത് നടപ്പിലാക്കാൻ സാധിച്ചേക്കാം. എന്നാൽ അവ ബാങ്കിങ് റെഗുലേഷൻ ആക്ട് പ്രകാരമാണ് പ്രവർത്തിക്കുന്നതെങ്കിൽ അവയ്ക്കും സർഫാസി നിയമം ബാധകമാണ്.

എടുത്ത വായ്പ തിരിച്ചടയ്ക്കാനുള്ള ജനങ്ങളുടെ മനോഭാവം ഇല്ലാതാക്കിയാൽ സമ്പദ്ഘടനയിൽ അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ബാങ്കിങ് മേഖലയുടെ തന്നെ തകർച്ചയ്ക്ക് അതു വഴിയൊരുക്കും. മാത്രമല്ല ജപ്തിയില്‍ നിന്നും രക്ഷപെട്ടെന്നു വിശ്വസിച്ചിരുന്നാല്‍ അവസാനം ഒന്നും ചെയ്യാനാകാതെ വീടും സ്ഥലവും ഉപേക്ഷിച്ചിറങ്ങേണ്ടിയും വരും. അതായത് ജപ്തി ഭീഷണി നേരിടുന്നവര്‍ക്കു സംരക്ഷണം നല്‍കുമെന്ന പ്രഖ്യാപനത്തോടെ കൊണ്ടുവന്ന നിയമം യഥാര്‍ത്ഥത്തില്‍ ജനങ്ങളെ കൂടുതല്‍ കുരുക്കിലാക്കും.

തങ്ങൾ എന്തോ വലിയ കാര്യം ചെയ്തെന്നു വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഭരണകൂടത്തിന്റെ മറ്റൊരു തന്ത്രമാണിതെന്ന സത്യം ജനങ്ങൾ തിരിച്ചറിയണമെന്ന് ദേശീയ ജനതാ പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *