പത്തനംതിട്ട :ശബരിമലയുടെ സമഗ്ര വികസനത്തിനായുള്ള സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാൻ യാഥാർത്ഥ്യമാവുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ ലേ ഔട്ട് പ്ലാനിന് ആകെ 778.17 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതുപ്രകാരം മേഖലയെ എട്ട് സോണുകളായി തിരിക്കും. മകരവിളക്കിന്റെ കാഴ്ചകള്‍ സംരക്ഷിക്കുന്നതിനൊപ്പം തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാനായി രണ്ട് ഓപ്പണ്‍ പ്ലാസകളും ലേ ഔട്ട് പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രക്ക്‌റൂട്ട് ലേ ഔട്ട് പ്ലാൻ തീർത്ഥാടകരുടെ കാട്ടിലൂടെയുള്ള യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. അടിയന്തര സന്ദർഭങ്ങളിലുപയോഗിക്കാനായി എമര്‍ജന്‍സി വാഹന പാതയും പ്ലാനിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ട്രക്ക്‌റൂട്ടിന്റെ ഇരുവശത്തും ബഫര്‍സോണും പ്ലാനിന്റെ ഭാഗമായി ചേർത്തിട്ടുണ്ട്. പമ്പയുടെയും ട്രക്ക്‌റൂട്ടിന്റെയും വികസനത്തിനായി ലേ ഔട്ട് പ്രകാരം ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത് 255.45 കോടി രൂപയാണ്. ശബരിമല തീർത്ഥാടനം സൗകര്യപ്രദമാക്കാൻ പുതിയ നടപടികളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. ഈ ദിശയിലുള്ള വലിയ ചുവടുവെപ്പാണ് സന്നിധാനത്തിന്റെയും പമ്പ ആന്റ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാൻ.
2025-01-09