എം എം കുമാർ; ശബരിമലയുടെ ബഹുഭാഷാ അനൗൺസർ1 min read

 

ശബരിമല :സന്നിധാനം മുതൽ പമ്പവരെ തീർഥാടകർക്കാവശ്യമായ കാര്യങ്ങൾ അനൗൺസ് ചെയ്യുന്നവരിലെ പ്രധാനി എം.എം. കുമാർ 25 വർഷം പൂർത്തിയാക്കുന്നു. കർണാടക ചിക്കമംഗലൂർ സ്വദേശിയായ ഇദ്ദേഹം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അനായാസം അനൗൺസ് ചെയ്യും. എല്ലാ വർഷവും മണ്ഡല മകര വിളക്ക് കാലത്ത് മുഴുവൻ ശബരിമലയിലുണ്ടാകും. അമ്മ രാധമ്മ മലയാളിയാണ്. അച്ഛന്റെ സ്വദേശം തമിഴ്നാട്. കുട്ടിക്കാലത്തേ കുടുംബം കർണാടകത്തിലാണ്. അതിനാൽ ഈ മൂന്ന് ഭാഷകളും നന്നായി അറിയാമായിരുന്നു. ഇംഗ്ലീഷും ഹിന്ദിയും സ്കൂളിൽ നിന്ന് പഠിച്ചു. മറ്റ് ഭാഷകൾ തീർഥാടകരുമായുള്ള സമ്പർക്കത്തിലൂടെയും പഠിച്ചുവെന്ന് എം.എം. കുമാർ പറഞ്ഞു. 1999 ൽ സന്നിധാനത്തെത്തിയപ്പോഴാണ് വിവിധ ഭാഷകളിൽ അനൗൺസ് ചെയ്യുന്ന ഒരാളെ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതും കുമാറിനെ ചുമതല ഏൽപ്പിക്കുന്നതും. മകരവിളക്ക് കഴിഞ്ഞ് ചിക്കമംഗലൂരുവിലേക്ക് മടങ്ങും. അവിടെ ചെറിയ ജോലിയുണ്ട്. ഭാര്യ പഞ്ചായത്തംഗമാണ്. വിദ്യാർഥിനികളായ രണ്ട് പെൺമക്കളുമുണ്ട്.

എം.എം.കുമാറിനു പുറമേ മലയാളത്തിൽ 25 വർഷമായി അനൗൺസ് ചെയ്യുന്ന കോഴഞ്ചേരി സ്വദേശി എ.പി. ഗോപാലൻ, തമിഴ്നാട് സ്വദേശികളായ ബാല ഗണേഷ്, നരസിംഹമൂർത്തി എന്നിവരും സന്നിധാനത്തെ അനൗൺസ്മെന്റ് കേന്ദ്രത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *