2/8/23
തിരുവനന്തപുരം :ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ സ്പീക്കർ ഷംസീർ മാപ്പ് പറയണമെന്ന് സനാതന ധർമ സംരക്ഷണ സമിതി. ഹിന്ദുക്കളുടെ ജീവിതചര്യയിലെ പ്രധാന ദേവനാണ് ഗണപതി.ആദ്യാക്ഷരം പോലും ‘ഹരിശ്രീ ഗണപതായേനമഃ ‘എന്നാണ്. വിഘ്‌നങ്ങൾ നീക്കുന്ന ദേവനാണ്ഗണപതി ഭഗവാൻ എന്ന സങ്കല്പം ഓരോ ഹൈന്ദവനും ജീവിതത്തിലുടനീളം പാലിക്കുന്നതാണെന്ന് സനാതന ധർമ സംരക്ഷണ സമിതി ദേശീയ ചെയർമാൻ കെ. എൻ.പ്രദീപ് പറഞ്ഞു.
സർവ്വ മത വിശ്വാസത്തെ അംഗീകരിക്കുന്ന പാരമ്പര്യമാണ് ഹിന്ദുക്കൾക്കുള്ളത്. ഹിന്ദുമതത്തിലെ ദൈവങ്ങൾ ‘മിത്ത്’ആണെന്ന് പറയുന്ന ഷംസീർ ഹൈന്ദവ വിശ്വാസത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
നിയമ സഭയിൽ പക്ഷഭേദമില്ലാതെ നിലപാടുകൾ എടുക്കേണ്ട സ്ഥാനമാണ് സ്പീക്കർ പദവി. അതുപോലെ ജന പ്രതിനിധികൾ എല്ലാ മതങ്ങളെയും ഒന്നുപോലെ കാണുന്നവരായിരിക്കണം.ഹിന്ദു മതവിശ്വാസത്തെ അപമാനിച്ച ഷംസീർ സ്പീക്കർ പദവിയുടെ മഹത്വത്തെ കളങ്കപെടുത്തുക വഴി ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് തെളിയിച്ചു.
വിശ്വാസ സംരക്ഷണത്തിന് മുന്നോട്ടുവന്ന NSS നിലപാട് സ്വാഗതാർഘമാണ്. ഷംസീറിന്റെ പ്രസ്താവനക്കെതിരെ കേരളത്തിലെ ഹിന്ദു സമൂഹം ഒന്നിക്കണമെന്നും, സനാതന ധർമ സംരക്ഷണ സമിതി വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു .