സങ്കൽപ് പത്ര’ നൽകി വിദ്യാർത്ഥികൾ1 min read

 

തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കിയ ‘സങ്കൽപ് പത്ര’ ക്യാമ്പയിന് സമാപനമായി. മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്‌കൂളിൽ നടന്ന സമാപന പരിപാടി ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികളിൽ നിന്നും ജില്ലാ കളക്ടർ ‘സങ്കൽപ് പത്ര’ സ്വീകരിച്ചു. തിരഞ്ഞെടുപ്പ് എന്നത് വളരെ പ്രധാന്യമർഹിക്കുന്ന പ്രക്രിയയാണെന്നും വോട്ടവകാശമില്ലെങ്കിലും വിദ്യാർത്ഥികളെ കൂടി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടതെന്നും ജില്ലാ കളക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പിനോടുള്ള വിദ്യാർത്ഥികളുടെയും അവരുടെ മതാപിതാക്കളുടെയും പ്രതിബദ്ധത സാക്ഷ്യപ്പെടുത്തുന്നതാണ് ‘സങ്കൽപ് പത്ര’ എന്നും അദ്ദേഹം വ്യക്തമാക്കി.ജില്ലയിലെ വിവിധ സർക്കാർ, എയ്ഡഡ്, സ്വകാര്യമേഖലകളിലെ സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് ക്യാമ്പയിൻ നടത്തിയത്.

സ്‌കൂൾ അങ്കണത്തിൽ നടന്ന സമാപന ചടങ്ങിൽ പ്രിൻസിപ്പാൾ വർഗീസ് സാമുവൽ അധ്യക്ഷനായിരുന്നു. ജില്ലാ സ്വീപ് നോഡൽ ഓഫീസറായ അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, സ്‌കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു. സമാപനപരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *