19/5/23
തിരുവനന്തപുരം :വാഹനാപകടത്തില്‍ മരണമടഞ്ഞ ആറ്റിങ്ങൽ ബോയ്‌സിലെ സാരംഗിന് എസ്‌എസ്‌എല്‍സി ക്ക്മിന്നുന്ന വിജയം.
എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി , സാരംഗിന്റെ വിജയം പ്രത്യേകം എടുത്തുപറഞ്ഞു. മരണത്തിലും ആറു പേര്‍ക്ക് ജീവനേകിയ ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയായിരുന്ന ബി.ആര്‍ സാരംഗ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയാണ് പാസായത്. അതും ഗ്രേസ് മാര്‍ക്കില്ലാതെ. 122913 ആയിരുന്നു സാരംഗിന്റെ രജിസ്‌ട്രേഷന്‍ നമ്പർ
‘വലിയ ഫുട്‌ബോള്‍ താരമായിരുന്നു സാരംഗ്. ദു:ഖത്തിനിടയിലും അവയവദാനം നടത്താന്‍ സാരംഗിന്റെ കുടുംബം സന്നദ്ധരായി.പത്തു പേര്‍ക്കാണ് അവയവങ്ങള്‍ ദാനം ചെയ്‌തത്. കുടുംബത്തിന്റെ സന്നദ്ധതയെ അഭിനന്ദിക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു’ വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
കരവാരം വഞ്ചിയൂര്‍ നടക്കാപറമ്പ്നികുഞ്ജത്തില്‍ ബനീഷ് കുമാറിന്റെയും രജനിയുടെയും മകനായിരുന്നു സാരംഗ്. മേയ് ആറിന് അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ യാത്രചെയ്യുമ്പോൾ തോട്ടക്കാട് വടക്കോട്ടുകാവ് കുന്നത്തുകോണം പാലത്തിനടുത്തുവച്ചാണ് അപകടമുണ്ടായത്. റൊണാള്‍ഡോയെ ഇഷ്‌ടപ്പെട്ടിരുന്ന സാരംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓര്‍മ്മ തെളിഞ്ഞപ്പോള്‍ ഫുട്‌ബോള്‍ കിറ്റ് ആവശ്യപ്പെട്ടിരുന്നു. ഇന്ന് വിദേശത്തുള്ള ബന്ധു നല്‍കിയ ജഴ്‌സിയുമണിയിച്ചാണ് സാരംഗിന്റെ ശരീരം പൊതുദര്‍ശനത്തിനെത്തിച്ചത്. സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ എന്നിങ്ങനെ ഭാഗങ്ങള്‍ ദാനം നല്‍കാന്‍ മാതാപിതാക്കള്‍ സമ്മതം നല്‍കിയതിന്റെ നടപടികള്‍ക്കിടെയാണ് എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചത്.