13/4/23
തിരുവനന്തപുരം :അപ്രതീക്ഷിതമായി വാഹനാപകടം കവർന്നെടുത്തത് അർച്ചനയുടെ പ്രാണനായ ശരത്തിന്റെ ജീവനായിരുന്നു. വിദഗ്ദ ചികിത്സയിലും ശരത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഭർത്താവിന്റെ മനസ്സറിയുന്ന അർച്ചന വേറൊന്നും ആലോചിച്ചില്ല. ദുഃഖത്തിന്റെ കയത്തിൽ മുങ്ങുമ്പോഴും ശരത്തിന്റെ മരിക്കാത്ത ഓർമ്മകൾ നിലനിർത്താൻ അവയവ ദാനത്തിന് അർച്ചന സമ്മതം മൂളി. ബന്ധുക്കളുടെ സമ്മതം കൂടിയായപ്പോൾ ശരത്തിന്റെ വൃക്കകളും, കണ്ണുകളും ദാനം ചെയ്തു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2പേർക്ക് വൃക്ക മാറ്റിവച്ചു.കണ്ണുകൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിലേക്ക് നൽകി.കണിയാപുരം സ്വദേശിയായ 48കാരൻ, കൊല്ലം മയ്യനാട് സ്വദേശിയായ 54കാരൻ എന്നിവർക്കാണ് ശരത്തിന്റെ വൃക്ക ലഭിച്ചത്. നാടിന്റെ കണ്മണിയായിരുന്ന ശരത്തിന്റെ അവയവ ദാനത്തോടെ 4പേർക്ക് ലഭിച്ചത് ജീവന്റെ പുതിയ വെളിച്ചം.ഡോക്ടർമാരും, നേഴ്സ്മാരും അടങ്ങുന്ന അൻപതോളം ജീവനക്കാരുടെ കഠിനപ്രയത്നത്താൽ ശരത്തിന്റെ വൃക്ക സ്വീകർത്താകളിൽ വിജയകരമായി മാറ്റിവച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് തുടങ്ങിയ ശസ്ത്രക്രിയ രാവിലെ 9മണിവരെ നീണ്ടു.
ബാലരാമപുരം കൊട്ടുകാൽക്കോണം സ്വദേശിയും, BLM ഹൗസിഗ് ബോർഡ് ബ്രാഞ്ച് മാനേജറുമായ ശരത് കൃഷ്ണൻ കഴിഞ്ഞ 7ആം തിയതി തമിഴ്നാടിലെ കോവിൽ പെട്ടിയിൽ വച്ചുണ്ടായ വാഹനപകടത്തെ തുടർന്ന് കോവിൽപ്പെട്ടി യിലും തുടർന്ന്തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തമിഴ്‌നാട്ടിലും, കേരളത്തിലും അനുയോജ്യമായ രോഗികൾ ഇല്ലാത്തതിനാൽ ശരത്തിന്റെ മറ്റ് അവയവങ്ങൾ എടുക്കാൻ സാധിച്ചില്ല. കെ സോട്ടോ വഴിയാണ് അവയവ കൈമാറ്റം നടത്തിയത്.
അർച്ചനയെയും, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ സംഘത്തെയും ആരോഗ്യമന്ത്രി വീണാജോർജ് അഭിനന്ദിച്ചു.