തിരുവനന്തപുരം :കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല (കുസാറ്റ്) ക്യാമ്പസിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ യുണ്ടായ ദാരുണമായ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് യൂണിവേഴ്സിറ്റി അധികൃതർക്ക് ഒഴിഞ്ഞുമാറാനാ വില്ലെന്നും നടത്തിപ്പിന്റെ ചുമതലക്കാരനായ യൂത്ത് വെൽഫെയർ ഡയറക്ടർ പി.കെ. ബേബിയെ അന്വേഷണ വിധേയമായി അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്നും, മരണപെട്ട കുട്ടികൾക്കും പരുക്കേ റ്റവർക്കും അടിയന്തിരമായി സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു .
യൂണിവേഴ്സിറ്റിയുടെ അനുമതിയോടും ധനസഹായത്തോടും എല്ലാ വർഷവും നടത്തിവന്നിരുന്ന ടെക് ഫെസ്റ്റിന്റെ മേൽനോട്ടത്തിന് മുൻകാലങ്ങളിൽ യൂണിവേഴ്സിറ്റിയിലെ സീനിയർ അധ്യാപകർക്ക് ചുമതല നൽകിവന്നിരുന്നു. ഈ വക നടപടികൾ കോഓർഡിനേറ്റ് ചെയ്യാനും വിദ്യാർഥികൾക്ക് നിർദ്ദേശങ്ങൾ നൽകാനും ബാധ്യതപ്പെട്ട യൂണിവേഴ്സിറ്റി യൂത്ത് വെൽഫയർ ഡയറക്ടറുടെ വീഴ്ച അതീവഗുരുതരമാണ്.
അദ്ദേഹം ക്യാമ്പസ്സിൽ പോലും ഉണ്ടായിരുന്നില്ലെന്നറിയുന്നു.
കുസാറ്റിന്റെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്ന അനധ്യാപക പദവിയിൽ നിയമിച്ചിരുന്ന പി. കെ. ബേബിയെ സർക്കാരിൻറെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസം രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് ഏറെ വിവാദമായിരുന്നു.
അനധ്യാപക തസ്തികയിൽ നിയമിക്കപ്പെട്ട ഒരാൾക്ക് UGC നിരക്കിൽ ശമ്പളം നൽകുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.
യൂണിവേഴ്സിറ്റി ക്യാമ്പസ് ഉൾപ്പെട്ട കളമശ്ശേരി നിയമസഭ അംഗം കൂടിയായ വ്യവസായ മന്ത്രി പി. രാജീവിന്റെ പിൻബലത്തിൽ ഇദ്ദേഹത്തെ ഇപ്പോൾ കുസാറ്റിന്റെ സിൻഡിക്കേറ്റ് മെമ്പറായി നിയമിച്ചിട്ടുമുണ്ട്.
യൂത്ത് വെൽഫയർ ഡയറക്ടറായ ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും അപകട കാരണങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപെട്ടാണ് ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
*ധനസഹായം നൽകണം*
മരണപ്പെട്ട വിദ്യാർഥികൾക്കും ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം സർക്കാർ അനുവദിക്കണമെന്നും സർവ്വകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലർമാരി ല്ലാത്തതിന്റെ അപര്യാപ്തത സർക്കാർ ഇനിയും കണ്ടില്ലെന്ന് നടിക്കരുതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഭാരവാഹികൾ പറഞ്ഞു.