14/9/22
തിരുവനന്തപുരം :പ്രൊഫസർ എം. കെ. സാനു മാഷ് ഒഴികെ മറ്റു മൂന്നുപേർക്കും എം ജി സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് നൽകുന്നത് സിൻഡിക്കേറ്റിന്റെ രാഷ്ട്രീയ താൽപ്പര്യവും വൈസ് ചാൻസലറുടെ വ്യക്തിതാൽപര്യവും സംരക്ഷിക്കാനാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കുറ്റപ്പെടുത്തി.
കാലടി സംസ്കൃത സർവകലാശാലയിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ അധ്യാപക നിയമനങ്ങൾ നടത്തുന്നതിന് ചുക്കാൻപിടിച്ചതായി ആക്ഷേപമുള്ള ഡോ: സ്കറിയാ സക്കറിയയ്ക്ക് ഡി ലിറ്റ് ബിരുദത്തിന് സിൻഡിക്കേറ്റ് അംഗങ്ങൾ ശുപാർശ ചെയ്തപ്പോൾ, ഫ്രഞ്ച് യൂണിവേഴ്സിറ്റിയിലെ രണ്ടു പ്രൊഫസർമാർക്ക് ഡി.എസ്.സി ബിരുദം നൽകുക എന്നത് വൈസ് ചാൻസലർ ഡോ: സാബു തോമസിന്റെ വ്യക്തിപരമായ താൽപര്യമണെന്നാണ് ആക്ഷേപം..
രണ്ട് ഫ്രഞ്ച് സർവ്വകലാശാലകൾ സാബു തോമസിന് അടുത്ത കാലത്ത് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകിയതിന് മുൻകൈയ്യെടുത്ത പോളിമർ സയൻസിലെയും, നാനോ സയൻസിലെയും രണ്ട് ഫ്രഞ്ച് പ്രൊഫസ്സർമാർക്കാണ് പ്രത്യുപകാരമായി എം. ജി. സർവകലാശാല ഓണററി ഡി.എസ് സി ബിരുദം നൽകുന്നതെന്നാണ് ആരോപണം.
ഇവർ രണ്ടുപേരും എം ജി വിസി യോടൊപ്പം സംയുക്തമായി ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന Co
Author മാരാണ്. ഇവർ രാജ്യം അറിയപ്പെടുന്ന ശാസ്ത്രജ്ഞന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളവരല്ല.
മാത്രമല്ല,സംസ്ഥാനത്തെ ഒരു സർവ്വകലാശാല വിദേശ പൗരന്മാർക്ക് ഓണററി ബിരുദം നൽകുന്നതും ഇത് ആദ്യമായാണ്.
വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കാൻ സർവ്വകലാശാലകൾ
ഓണററി ഡോക്ടറേറ്റ് നൽകുന്ന പ്രവണത ഭാവിയിൽ തടയണമെന്ന ആവശ്യം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണരുടെ ശ്രദ്ധയിൽ പെടുത്തി.