തിരുവനന്തപുരം :സർവ്വകലാശാല പരീക്ഷകൾ കുറ്റമറ്റ നിലയിൽ സമയബന്ധിതമായി നടത്താൻ കഴിഞ്ഞതായും, പൊതു സർവകലാശാലകൾ പൂർണ്ണമായും ശക്തിപ്പെടുത്തിയ ശേഷമാണ് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ തീരുമാനിച്ചതെന്നും നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ ഒരു വർഷം മുമ്പ് കേരള സർവകലാശാലയിൽ എംബിഎ പരീക്ഷ എഴുതിയ 71 വിദ്യാർത്ഥികളുടെ ഉത്തരകടലാസുകൾ കാണാനില്ലെന്നും വീണ്ടും പരീക്ഷഎഴുതണമെന്നുമുള്ള നിർദ്ദേശവുമായി കേരള സിൻഡിക്കേറ്റ് രംഗത്ത് വന്നു.
2024 മെയിൽ നടന്ന
എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ ‘പ്രോജക്ട് ഫൈനാൻസ്’ വിഷയത്തിൽ പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉത്തരകടലാസു കളാണ് നഷ്ടപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞാണ് ഉത്തരക്കടലാസ് മൂല്യനിർണയത്തിനായി പൂജപ്പുര കോപ്പറേറ്റീവ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു താൽക്കാലി അധ്യാപകന് കൈമാറിയത്.അദ്ദേഹത്തിന് മൂല്യനിർണ്ണയത്തിൽ പരിചയക്കുറവുള്ളത് കൊണ്ട് മൂല്യനിർണ്ണയം നടത്തിയിരുന്നില്ല.ഉത്തരകടലാസ് യൂണിവേഴ്സിറ്റി യിൽ മടക്കി നൽകാൻ കൊണ്ടുവരവെ പാലക്കാട് വച്ച് അദ്ദേഹത്തിൻറെ പക്കൽ നിന്ന് ഉത്തരകടലാസുകൾ നഷ്ടപ്പെട്ടു. ഈ വിവരം ജനുവരി ആദ്യവാരം തന്നെ സർവ്വകലാശാലയെ അറിയിച്ചിട്ടും പരീക്ഷാ വിഭാഗം രണ്ടുമാസമായി നടപടി കൈക്കൊള്ളാതെ മാർച്ച് 17 ചേർന്ന് സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കുകയായിരുന്നു.സിൻഡിക്കേറ്റ് അധ്യാപകനെ വിളിച്ചുവരുത്തി വിശദീകരണം തേടാനും വീണ്ടും പരീക്ഷ നടത്തുവാനും തീരുമാനിക്കുകയായിരുന്നു.
ഒരു വർഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാൻ ആവശ്യപ്പെടുന്നതിൽ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകൾക്ക് ലഭിച്ച മാർക്കിന്റെ ആനുപാതിക മാർക്ക് നഷ്ടപ്പെട്ട പേപ്പറിനും നൽകണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
മൂല്യനിർണയം വൈകാനും, പേപ്പർ നഷ്ടപ്പെട്ട വിവരം റിപ്പോർട്ട് ചെയ്യാൻ വൈകിയത് പരിശോധിക്കാനും, പരീക്ഷ ഫലപ്രഖ്യാപനത്തിലുണ്ടാവുന്ന കാലതാമസം ഒഴിവാക്കുന്നത് ചർച്ച ചെയ്യാനും പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരുടെ യോഗവും തുടർന്ന് സിൻഡിക്കേറ്റ് പരീക്ഷ സ്ഥിരം സമിതിയുടെ യോഗവും വൈസ് ചാൻസലർ ഡോ: മോഹനൻ കുന്നുമ്മേൽ തിങ്കളാഴ്ച വിളിച്ചു ചേർത്തിരിക്കുകയാണ്.
പരീക്ഷ കഴിഞ്ഞു ഒരുവർഷം കഴിയുമ്പോൾ എഴുതിയ പരീക്ഷ വീണ്ടും എഴുതേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.
കേരളത്തിലെ സർവകലാശാലകൾ റാങ്കിങ്ങിൽ ബഹുദൂരം മുന്നിലാണെന്നും കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിൻറെ ഹബ്ബാക്കി മാറ്റുമെന്നും മന്ത്രിഅടിക്കടി പ്രസ്താവിക്കുമ്പോഴാണ് വിദ്യാർത്ഥികൾ ഒരു വർഷം മുൻപ് എഴുതിയ പരീക്ഷ വീണ്ടും എഴുതേണ്ട സ്ഥിതി സംജ്ജാ തമായിരിക്കുന്നത്.
സർക്കാർ ഗ്രാന്റ് വെട്ടിക്കുറച്ചതിനെ തുടർന്നുണ്ടായ സർവ്വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധികാരണം കാര്യക്ഷമമായി നടന്നിരുന്ന കേന്ദ്രീകൃതമൂല്യനിർണ്ണയംനിർത്തലാക്കേണ്ടിവന്നതാ ണ് ഫലപ്രഖ്യാപനങ്ങൾ നീളാൻ കാരണമാകുന്നത്. സ്വകാര്യ സർവ്വകലാശാലകൾക്ക് യഥേഷ്ടം കടന്നുവരുവാൻ വഴിയൊരുക്കുന്നതിന്റെ ഭാഗമായി പൊതു സർവ്വകലാശാലകളെ ദുർബലപെടുത്താൻ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.