തിരുവനന്തപുരം :ആരോഗ്യ മേഖലയിൽ നടന്ന സ്പ്രിംഗ്ലർ സോഫ്റ്റ്‌വെയർ തട്ടിപ്പിന് സമാ നമായ, യൂണിവേഴ്സിറ്റികൾ ധാരണ പത്രത്തിൽ
ഒപ്പുവയ്ക്കാത്ത മഹാരാഷ്ട്രയിലെ എം.കെ.സി.എൽ എന്ന കമ്പനിക്ക് വിദ്യാർത്ഥികളുടെ രേഖകൾ കൈമാറണമെന്ന മന്ത്രിയുടെ നിർദ്ദേശത്തിൽ സർവകലാശാല അധികൃതർ ആശങ്കയിൽ.
ഐടി ചട്ടപ്രകാരം രേഖകൾ മൂന്നാമതൊരു ഏജൻസിക്ക് കൈമാറാൻ പാടില്ലെന്നും കൈമാറുന്ന ഏജൻസിയുമായി ധാരണ പത്രത്തിൽ ഒപ്പു വയ്ക്കണമെന്നു മാണ് വ്യവസ്ഥ.
എന്നാൽ ഉന്നത വിദ്യാഭ്യാസ മന്ത്രി വിസി മാർക്ക് നൽകിയ വാക്കാൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ അടങ്ങുന്നരേഖകൾ കൈമാറാൻ വിസി മാർ വിസമ്മതിക്കുകയാണ്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് അനുബന്ധമായി പുതുതായി സംസ്ഥാനത്ത് നടപ്പാക്കിയ നാലു വർഷ ബിരുദവിദ്യാർത്ഥികളുടെ ഡാറ്റകൾ അപ്പ് ലോഡ് ചെയ്യേണ്ട കെ-റിപ്പ് എന്ന ഏകീകൃത സോഫ്റ്റ്‌വെയർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാർ സ്ഥാപനമായ ‘അസാപ്പിനെ’ യാണ് ഏൽപ്പിച്ചിട്ടുള്ളത്.
വിദ്യാർത്ഥികളുടെ സ്കിൽ ഡെവലപ്മെൻറ് ലക്ഷ്യം വച്ച് രൂപീകരിക്കപ്പെട്ട അസാപ്പിനെ ഈ അടുത്ത കാലത്താണ് കമ്പനി ആയി മാറ്റിയത് . സോഫ്റ്റ്‌വെയർ സംബന്ധമായ യാതൊരു വൈദഗ്ദ്ധ്യവു മില്ലാത്ത അസാപ്പ് മഹാരാഷ്ട്രയിലെ എം. കെ.സി.എൽ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾ മന്ത്രി നിർദേശിച്ചത നുസരിച്ച് കെ -റീപ്പിന് ഡാറ്റാ കൈമാറാൻ തീരുമാനിച്ചുവെങ്കിലും കണ്ണൂർ സർവ്വകലാശാല മാത്രമാണ് വിദ്യാർത്ഥികളുടെ ഡാറ്റ ഇതിനകം കൈമാറിയിട്ടുള്ളത്. ഡേറ്റ അപ്‌ലോഡ് ചെയ്ത കണ്ണൂരിലെ വിദ്യാർത്ഥികൾക്ക് എം.കെ.സി എല്ലിൽ നിന്നാണ് ഒടിപി നമ്പർ ഉൾപ്പെടെ വന്നതും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതും.
പൂനാ യൂണിവേഴ്സിറ്റിയും മഹാരാഷ്ട്രയിലെ എട്ടു സർവ്വകലാശാലകളും, നാഗപൂർ സർവ്വകലാശാലയും കാര്യക്ഷമല്ലായ്മയുടെ പേരിൽ കരാറിൽ നിന്നും പിൻവാങ്ങിയ സ്ഥാപനമാണ് MKCL എന്ന് ആരോപണമുണ്ട്.
സർക്കാർ അംഗീകാരം നൽകിയ അസാപ്പുമായി ധാ രണ പത്രം ഒപ്പുവച്ചശേഷം മാത്രമേ പരീക്ഷാ സംബന്ധമായ വിദ്യാർത്ഥികളുടെ രേഖകൾ കൈമാറാൻ പാടുള്ളൂവെന്ന് കേരള,കാലിക്കറ്റ് വിസി മാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇതോടെ എല്ലാ സർവകലാശാലകളേയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പദ്ധതി പ്രതിസന്ധിയിലാ യിരിക്കുകയാണ്.
സോഫ്റ്റ്‌വെയറിന്റെയും ഡേറ്റകളുടെയും ഉടമാവകാശ ആർക്കാണ് എന്ന കാര്യത്തിൽ വ്യക്തത വേണമെന്നും, കൈമാറുന്ന ഏജൻസിയുമായി യൂണിവേഴ്സിറ്റികൾ നേരിട്ട് ധാരണ പത്രത്തിൽ ഒപ്പു വയ്ക്കണമെന്നുമാണ് കേരള, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ നിലപാട്.
വ്യക്തമായ മാർഗരേഖ സർക്കാർ പുറപ്പെടുവിക്കാതെ
ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർവ്വ കലാശാലകളിൽ പദ്ധതികൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അധ്യാപക അനധ്യാപക സംഘടനകൾ.
പാലക്കാട് ഐടി ഐ,ടി.സി.എസ് തുടങ്ങിയ കമ്പനികളെയും, എൻ ഐ സി, സി ഡാക്, സി ഡിറ്റ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളെയും ഒഴിവാക്കിയാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ
കെ-റിപ്പ് സോഫ്റ്റ്‌വെയറിന്റെചുമതല അസാപ്പിന്റെ മറവിൽ ടെൻഡറിൽ പങ്കെടുക്കാത്ത മഹാരാഷ്ട്ര കമ്പനിയായ എം.കെ.സി.എല്ലി ന് നൽകിയിരിക്കുന്നത്.ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിപദവിയിൽ നിന്നും വിരമിച്ച ഉഷ ടൈറ്റസിനാണ്
അസാപ്പിന്റെ ചുമതല നൽകിയിട്ടുള്ളത്.
*ഡിജിറ്റൽയൂണിവേഴ്സിറ്റിക്ക് കൈമാറണം*
അതിനിടെ കെ-റിപ്പ് സോഫ്റ്റ്‌വെയർ യാതൊരു സാങ്കേതിക പരിജ്ഞാനവു മില്ലാത്ത അസാപ്പിന് നൽകിയ നടപടി പിൻവലിക്കണമെന്നും, നിരവധി സർക്കാർ പ്രൊജക്റ്റ്കൾ കാര്യക്ഷമായി ഏറ്റെടുത്തു നടത്തുന്ന ഡിജിറ്റൽ യൂണിവേഴ്സിറ്റിയെ സർവീസ് പ്രൊവൈഡറായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി . സംസ്ഥാന പ്ലാനിങ് വകുപ്പിന്റെയും , ജിഎസ്ടിയുടെയും ഉൾപ്പെടെ മുഖ്യമായ നിരവധി സോഫ്റ്റ്‌വെയർ പ്രോജക്റ്റുകൾ ഏറ്റെടുത്തിട്ടുള്ള സ്ഥാപനമാണ് മുഖ്യമന്ത്രി പ്രോ ചാൻസലറായ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി.