28/9/22
തിരുവനന്തപുരം :കാലടി സംസ്കൃത സർവകലാശാലയിൽ വിസി യുടെ ഒത്താശയോടെ നടത്തിയിരിക്കുന്ന അനധികൃത നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം.
സിപിഎമ്മിന് ‘വേണ്ടപ്പെട്ടവരെ’ ഇല്ലാത്ത തസ്തികകളിൽ നിയമിക്കുന്നത് സർവ്വകലാശാലയിൽ വ്യാപകമാവുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹനന്റെ ഭാര്യ പൂർണിമ മോഹനനെ സംസ്കൃതം ജനറൽ കോഴ്സ് ഇല്ലാത്ത തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ പ്രൊഫസ്സറായി നിയമിച്ചിരിക്കുകയാണ്. മറ്റൊരു വനിതാ നേതാവായ ഫിസിക്കൽ എഡ്യൂക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസ്സറായ M.I.രഹിലാ ബീവിയെ, പ്രസ്തുത കോഴ്സ് ഇല്ലാത്ത തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ തന്നെ നിയമിച്ചിരിക്കുന്നു.
സിൻഡിക്കേറ്റ് മെമ്പറായ ബിച്ചു. എക്സ്. മലയിലിനെ പരീക്ഷകളുടെ ചുമതലയുള്ള പ്രൊഫസറായി നിയമിക്കാൻ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗം തീരുമാനച്ചിരിക്കുകയാണ്.
ഇപ്രകാരം ഒരു തസ്തിക സർവ്വകലാശാല ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യുന്നില്ല. സർക്കാർ അനുമതി ലഭിച്ചാലും യൂണിവേഴ്സിറ്റി ചട്ടങ്ങൾ ഭേദഗതി ചെയ്യാതുള്ള തസ്തികകൾക്ക് നിയമ പ്രാബല്യമില്ല. അതുകൊണ്ട് തന്നെ പരീക്ഷ ചുമതല നൽകികൊണ്ടുള്ള തീരുമാനം അനധികൃതമാണ്. യൂണിവേഴ്സിറ്റി നിയമപ്രകാരം പ്രൊ വൈസ് ചാൻസിലർക്കാണ് പരീക്ഷകളുടെ ചുമതല.
ഈ സിൻഡിക്കേറ്റ് അംഗത്തിന് പ്രൊ- വൈസ് ചാൻസലർ പദവി നൽകാനാവാത്തതിനാൽ സമാശ്വാസം എന്ന നിലയിൽ ഇല്ലാത്ത തസ്തികയിൽ നിയമി ച്ചതായാണ് ആരോപണം .
ബിച്ചു മലയിൽ കേരള സർവ്വകലാശാലയിൽ നിന്നും രണ്ടാം തവണ എഴുതിയ
എം എ പരീക്ഷയോടൊപ്പം എം ഫിൽ കൂടി ഒന്നിച്ചെഴുതിയെന്ന വിവാദം നിലനിൽക്കവേയാണ് സർവ്വകലാശാല പരീക്ഷകളുടെ ചുമതല നൽകി പുതിയ തസ്തികയിൽ നിയമിച്ചി രിക്കുന്നത്.
മലയാള വിഭാഗത്തിലെ മറ്റൊരു പ്രൊഫസറായ ലിസി മാത്യുവിനെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായും നിയമിച്ചിരിക്കുന്നു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ ദിനപത്രത്തിൽ ജോലി ചെയ്യവേ താൽക്കാലിക ഒഴിവിൽ ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസറായി സംവരണം അട്ടിമറിച്ചു് നിയമിച്ച R. ഷർമിളയെ തസ്തിക ഇല്ലാതെതന്നെ ഇപ്പോൾ സ്ഥിരമായി തുടരാൻ അനുവദിച്ചിരിക്കുകയാണ്.
സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായി ഇല്ലാത്ത തസ്തികകളിൽ നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.