17/9/22
തിരുവനന്തപുരം :കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദ്യാർത്ഥികളുടെ കുറവും കാരണം കാലടി സംസ്കൃത സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങൾ അടച്ചുപൂട്ടുമ്പോഴും സർവ്വകലാശാലയുടെ തിരുവനന്തപുരം കേന്ദ്രം, നേതാക്കന്മാരുടെ ഭാര്യമാരെയും പാർട്ടി സഹ യാത്രികരെയും കുടിയിരുത്താനുള്ള ലാവണമായി മാറ്റുന്നതായി ആക്ഷേപം. നിയമിച്ചിരി ക്കുന്നതാകട്ടെ, പ്രാദേശിക കേന്ദ്രങ്ങളിൽ ഇല്ലാത്ത തസ്തികകളിലും.
സ്ഥലം മാറ്റ ഉത്തരവ് നൽകുമ്പോൾ ജീവനക്കാരെയോ അധ്യാപകരെയോ നിയമിക്കപെടുന്നത് ഏത് ഒഴിവിലേയ്ക്കാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. എന്നാൽ പ്രാദേശിക കേന്ദ്രത്തിൽ ഇവരുടെ തസ്തികയ്ക്കുള്ള ഒഴിവ് ഇല്ലാത്തതുകൊണ്ട്, ഏത് ഒഴിവിലാണെന്ന് രേഖപെടുത്താതെയാണ് സർവ്വകലാശാല ഉത്തരവ് ഇറക്കിയിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ. മോഹനന്റെ ഭാര്യ പൂർണിമ മോഹനാണ് തസ്തിക ഇല്ലാതെ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നവരിൽ ഒരാൾ.
പൂർണിമയ്ക്ക്,കേരള സർവ്വകലാശാലയുടെ മലയാള മഹാനിഘണ്ടു മേധാവിയായി നിയമനം നൽകിയെങ്കിലും മലയാള ഭാഷ അറിയാത്ത ഈ അധ്യാപികയുടെ നിയമനം ചോദ്യം ചെയ്തുള്ള പരാതി ഗവർണറുടെ പരിശോധനയിൽ വന്നതോടെ പൂർണിമ കേരളയിൽ നിന്നും സ്വയം വിരമിക്കുകയായിരുന്നു.
തുടർന്ന് സംസ്കൃത സർവകലാശാലയുടെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് സംസ്‌കൃത സർവ്വകലാശാല വിസി സ്ഥലം മാറ്റ ഉത്തരവ് നൽകി.
ന്യായ, വേദാന്ത, വ്യാകരണ കോഴ്സുൾ മാത്രമുള്ള കേന്ദ്രത്തിൽ സംസ്കൃതം ജനറൽ അധ്യാപികയായ പൂർണിമയ്ക്ക് വ്യാകരണ അധ്യാപന യോഗ്യതയില്ലാത്ത വ്യാകരണ തസ്തികയിലാണ് പ്രത്യേക പരിഗണയിൽ നിയമനം നൽകിയിരിക്കുന്നത്.
പഠിപ്പിക്കാൻ കോഴ്സ് ഇല്ലെങ്കിലും രണ്ടര ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളമായി ഈ തസ്തികയിൽ ഇവർ കൈപ്പറ്റുന്നത്.
കാലടി ക്യാമ്പസിൽ മാത്രം കോഴ്സുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസ്സർ M.I. റാഹില ബീവിയെയും പ്രത്യേക സമ്മർദ്ദങ്ങളെ തുടർന്ന് കോഴ്സ് നിലവിലില്ലാത്ത തിരുവനന്തപുരം കേന്ദ്രത്തിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് വിസി ഉത്തരവിട്ടു.
പ്രാദേശിക കേന്ദ്രങ്ങളിലേക്ക് മാറ്റം നൽകുന്നതിനുള്ള നിലവിലെ വ്യവസ്ഥകൾ മറികടന്ന് ഈ അടുത്തയിട വിവാദത്തിലൂടെ നിയമിതയായ മന്ത്രി എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെയും തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി മാറ്റി നിയമിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വിസി ഉത്തരവിട്ടു . അധ്യാപകരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റമെന്ന് ഉത്തരവിൽ പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവ്വകലാശാലയുടെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുമ്പോൾ വ്യക്തികളുടെ സൗകര്യാർത്ഥം തസ്തികകളില്ലാതെ സ്ഥലംമാറ്റങ്ങൾ നൽകുന്നത് പുനപരിശോധിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു.