വ്യാജ പി.എച്ച്.ഡി. നൽകുന്ന സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം: സേവ് എഡ്യൂക്കേഷൻ ഫോറം1 min read

9/2/23

തിരുവനന്തപുരം:പേരിന് മുന്നിൽ ഡോക്ടറുമായി വ്യാജ പി.എച്ച്.ഡിക്കാർ കേരളത്തിലും തമിഴ് നാട്ടിലും തഴച്ചു വളരുകയാണ്. ഇത്തരം പി.എച്ച്.ഡി കച്ചവടം നടത്തുന്ന സംഘങ്ങൾ പറയുന്ന പണം നൽകിയാൽ വർഷങ്ങൾ നീണ്ട പഠനവും ഗവേഷണവും നടത്താതെ ആഴ്ചകൾക്കുള്ളിൽ ഡോക്ടറേറ്റ് നേടാം. ഇത്തരത്തിൽ വിദേശ സർവകലാശാലകളുടെയും ഇന്ത്യയിൽ തന്നെ നിലവിൽ ഇല്ലാത്ത സർവകലാശാലകളുടെയും പേരിൽ വ്യാജ പി.എച്ച്.ഡി നൽകുന്ന സംഘങ്ങൾ ദിനേന വർദ്ധിക്കുകയാണ്. മതനേതാക്കൾ, രാഷ്ട്രീയക്കാർ അടക്കമുള്ള പൊതുപ്രവർത്തകർ, വ്യാപാരികൾ, വ്യവസായികൾ എന്നിവരാണ് വ്യാജ പി.എച്ച്.ഡി സംഘങ്ങളുടെ പ്രധാന ഉപഭോക്താക്കൾ. സമൂഹത്തിന് മുന്നിൽ കൂടുതൽ അംഗീകാരം ലഭിക്കാൻ ഇവരിൽ പലരും വ്യാജ പി.എച്ച്.ഡി സംഘങ്ങളെ നേരിട്ട് സമീപിച്ച് ഇടപാട് ഉറപ്പിക്കുകയാണ്.

സുപ്രീം കോടതി വിധിയുണ്ടെന്നും, ഇന്ത്യയിലെ പഴയ നിയമ വ്യവസ്ഥിതിയുണ്ടെന്നും എല്ലാം തെറ്റിദ്ധരിപ്പിച്ചാണ് ഇത്തരക്കാർ ആളുകളെ സംഘടിപ്പിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കാണ് പി.എച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാനാകുന്നത്. എന്നാൽ പത്താം ക്ലാസ് പാസാകാത്തവർ പോലും ഇപ്പോൾ പേരിന് മുന്നിൽ ഡോക്ടറെന്ന് ചേർത്താണ് നടക്കുന്നത്. ചോദ്യം ചെയ്യപ്പെടാതിരിക്കാൻ പി.എച്ച്.ഡിക്കൊപ്പം വിദേശത്തെയും വിദേശരാജ്യങ്ങളിലെയും കോളേജുകളുടെയും സർവകലാശാലകളുടെയും പേരിലുള്ള വ്യാജ ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകളും തട്ടിപ്പ് സംഘങ്ങൾ സമ്മാനിക്കുന്നുണ്ട്. വിദേശ സർവകലാശാലകളിൽ നിന്ന് അവിടെ പഠനം നടത്തി ബിരുദ, ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ നേടിയാൽ തന്നെ അസോസിയേഷൻ ഓഫ് ഇന്ത്യൻ യുണിവേഴ്സിറ്റീസിൻറെ (Association of Indian Universities) അംഗീകാരം നേടിയ ശേഷമേ ആ ബിരുദങ്ങൾക്ക് വിലയുള്ളൂ. അങ്ങനെയുള്ളപ്പോഴാണ് ഇത്തരം വ്യാജ ഓൺലൈൻ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇവർക്കെതിരെ പരാതി വ്യാപകമായതോടെ അടുത്തിടെ ഓൺലൈൻ പി.എച്ച്.ഡികൾക്ക് അംഗീകാരമില്ലെന്ന് യു.ജി.സി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഇവരുടെ ഏജന്റുമാർ ഇപ്പോഴും കച്ചവടം തുടരുകയാണ്. യു.ജി.സി യുടെ വെബ്സൈറ്റിൽ വ്യാജ സർവകലാശാലകളെന്ന് പ്രഖ്യാപിച്ചവയാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് എന്നതാണ് മറ്റൊരു കൗതുകം. ഇതര സംസ്ഥാനങ്ങളിൽ ഒന്നും രണ്ടും മുറികളിലായാണ് ഇത്തരം വ്യാജ സർവകലാശാലകളുടെ പ്രവർത്തനം.

അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുള്ള ഫീസ് ഈടാക്കികൊണ്ടാണ് ഓൺലൈൻ പി.എച്ച്.ഡി കോഴ്സുമായി വ്യാജ സർവകലാശാലകൾ രംഗത്തെത്തിയിരിക്കുന്നത്. മതപുരോഹിതർ ഉൾപ്പെടെയുള്ളവർ ഇതിന് വ്യാപക പ്രചാരണം നൽകിയതോടെ കൂടുതൽ പേർ തട്ടിപ്പിന് ഇരയായി. വെറുതെ പേരിന് മുന്നിൽ ആഡംബരത്തിന് ‘ഡോ.’ എന്ന് ചേർക്കാൻ ആഗ്രഹിക്കുന്നവരാണ് ഇത്തരം സംഘങ്ങൾക്ക് പിന്നാലെ പോകുന്നത്. സ്‌കൂൾ അധ്യാപകർ വരെ ഇവരുടെ കെണികളിൽ വീണുപോകുന്നു. ഇവർ നൽകുന്ന വെബ്സൈറ്റ് പരിശോധിച്ചാൽ ഫ്രണ്ട് പേജ് കടന്ന് മറ്റൊരു വിശദാംശവും ഉണ്ടാകില്ല. ഇത്തരം സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സേവ് എഡ്യൂക്കേഷൻ ഫോറം ആവശ്യപെടുന്നു

For Example: www.islamicuniversities.org

Leave a Reply

Your email address will not be published. Required fields are marked *