ആനുകാലികമായി, മനുഷ്യമനസ്സുകളെ ഭീതിയുടേയും ഉത്ഖ ണ്ഠയുടേയും മുൾമുനയിൽ നിർത്തുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ് മയക്കുമരുന്ന് അഥവാ ലഹരിയുടെ ഉപയോഗം. ചെറുപ്പക്കാരും കുഞ്ഞുങ്ങളും ഉൾപ്പെടെ എല്ലാ പ്രായത്തിൽപ്പെട്ടവരും സ്ത്രീ പുരുഷ ഭേദമന്യേ മയക്കു മരുന്നിൻ്റെ വലയിൽപ്പെട്ടു പോകുന്നതായി നാം കണ്ടു വരുന്നു. നമ്മുടെ പല സ്കൂളുകളും കോളേജ് ക്യാമ്പസുകളും ഈ ഭീകരതയുടെ നിഴലിലാണ് .
കുട്ടികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്നു; തങ്കളുടെ മക്കൾ മയക്കു മരുന്നിൻ്റെ പിടിയിൽ പെടുകയില്ല എന്ന് മാ’താപിതാക്കൾക്ക് ഉറപ്പിക്കാനാവാത്ത ഒരവസ്ഥയിലേക്ക് സമൂഹം മാറി ക്കഴിഞ്ഞു. 2020, 21 വർഷങ്ങളിൽ ഉണ്ടായിരുന്നതിൻ്റെ ഏകദേശം മൂന്ന് ഇരട്ടിയിലധികം മയക്കുമരുന്ന് കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എത്രയധികം വ്യക്തികൾ കുടുംബങ്ങൾ; അത് സൃഷ്ടിച്ച ദുരന്തങ്ങൾ ഇവയെല്ലാം നമ്മുടെ ചിന്തകൾക്ക് അതീതമാണ്.
ഐക്യരാഷ്ട്ര
സഭ 1987 മുതൽ, ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നു, ലഹരിയെന്ന വൻ വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിച്ചു വരുന്നു. എന്നാൽ ഇവ എത്രത്തോളം ഫലവത്തായി എന്ന് ഈ അവസരത്തിൽ നാം ചിന്തിക്കണം. മാനസിക സമ്മർദ്ദം കുറയ്ക്കുവാനായി
തുടങ്ങുന്ന ലഹരിയുടെ ഉപയോഗം അവസാനം മയക്കുമരുന്നിന് അടിമയാക്കി തീർക്കുന്നു. പുകയില ,മദ്യം, കറുപ്പ്, കഞ്ചാവ്, മോർഫിൻ, പെത്തഡിൻ, സിഗററ്റ്, എം.ഡി.എം.എ തുടങ്ങിയ രാസലഹരികൾ എല്ലാം ലഹരിയുടെ ഗണത്തിൽപ്പെടുന്നവയാണ്. ഇവ സൗജന്യമായി ആദ്യം നൽകുകയും പിന്നീട് ഇതിനുള്ള സാമ്പത്തികം കണ്ടെത്താനായി ഇരയാക്കപ്പെടുന്നവർ മോശമായ ജീവിതപാതകൾ തെരഞ്ഞെടുക്കുന്നു
കുടുംബ ബന്ധങ്ങൾ ശിഥിലമാക്കപ്പെടുന്നു, രക്ത ബന്ധം പോലും മറന്നുള്ള അനാശാസ്യ പ്രവർത്തനങ്ങൾ, കൊലപാതകങ്ങൾ, ശാരീരിക മാനസിക പീഡനങ്ങൾ, ആത്മഹത്യ എന്നിവയിലേക്ക് വ്യക്തികളെ ലഹരിയുടെ ഉപയോഗം കൊണ്ടെത്തിക്കുന്നു
കുറ്റകൃത്യത്തിൽ കൊലപാതകങ്ങളിൽ മറ്റു ഹീനകൃത്യങ്ങളിൽ പെടുമ്പോൾ മാത്രമാണ് ഇരകളെപ്പറ്റിയും ഇവ വിതരണം ചെയ്യുന്നവരേപ്പറ്റിയും നാം ശ്രദ്ധിക്കാറുള്ളൂ. കാലാന്തരത്തിൽ , ലഹരി ഉപയോഗിക്കാൻ കൂട്ടുനിന്നവരോ നൽകിയവരോ ആരുമില്ലാതെ ലഹരിയിൽ മാത്രം മുഴുകി ഏകാന്തമായി ജീവിതം തുടരുന്നവർ എത്രയോ പേർ. ലഹരിയുടെ ഉപയോഗം സുഹൃത്ബന്ധങ്ങൾ നഷ്ടപ്പെടുത്തുന്നു, ക്ഷണികമായ ആനന്ദവും ദൂരവ്യാപകമായ വളരെ മോശമായ പാർശ്വഫലങ്ങളും ഉണ്ടാക്കുന്നു. ബുദ്ധി, ഓർമ്മ, ആത്മനിയന്ത്രണം ഇവ പൂർണ്ണമായും ഇല്ലാതാക്കുന്നു; ചിത്തഭ്രമം ഉണ്ടാക്കുന്നു, അർബുദം, വിവിധങ്ങളായ അസുഖങ്ങൾ, മറ്റ് മാനസിക രോഗങ്ങൾ ഇവയെല്ലാം ലഹരിയുടെ പാർശ്വഫലങ്ങൾ ആണ്.
ചോരക്കണ്ണുകൾ ചുരുങ്ങിയ കൃഷ്ണമണികൾ ഇവ ലഹരിയുടെ അമിത ഉപയോഗത്തിൻ്റെ ലക്ഷണങ്ങളായി കണക്കാക്കാം. വിളർച്ച ,ഉറക്കകുറവ്, ഭക്ഷണ രീതിയിലെ മാറ്റം, വ്യക്തിശുചിത്വമില്ലായ്മ, മുറിപ്പാടുകൾ, കൂട്ടുകെട്ടിലെ മാറ്റങ്ങൾ, ഒറ്റപ്പെടാനുള്ള സ്വഭാവ മാറ്റം, ആത്മവിശ്വാസക്കുറവ്, വിഷാദം, മടി, എടുത്തു ചാട്ടം, ദേഷ്യം, അനാവശ്യമായ വാദപ്രതിവാദങ്ങൾ, മോഷണം ഇവയെല്ലാം ലഹരികളുടെ അമിത ഉപയോഗത്തിൻ്റെ ലക്ഷണങ്ങളായി നമുക്ക് കാണാൻ കഴിയും. ആക്രമണോത്സുകത, പ്രക്ഷോഭം, അലസത, ഭ്രമാത്മകത, ഇവ ലക്ഷണങ്ങൾ ആകാം. ശരീര താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, ഹൃദയമിടിപ്പിലെ മാറ്റങ്ങൾ, പതിഞ്ഞ സംസാരം, ശർദ്ദി ഇവയും ലക്ഷണങ്ങൾ ആകാം. ലഹരി വസ്തുക്കൾ തലച്ചോറിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു, അതായത് ന്യൂറോണുകൾ ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നിവയുടെ പ്രവർത്തനത്തെ വളരെ പ്രതികൂലമായി ബാധിക്കുന്നു. ബോധം, അറിവ്, ശ്രദ്ധ, സന്തോഷം, വികാരം ഇവയെ നിയന്ത്രിക്കുന്ന സെറാടോണിൻ ഡൊപ്പാമിൻ ഇവയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
അമിതമായ പുകവലി ലഹരിയുടെ മറ്റൊരു മുഖമാണ്. പുരുഷൻമാരിൽ ഇത് ഹൃദയസംബന്ധമായതും ശ്വാസകോശ സംബന്ധവുമായ മാരകമായ രോഗങ്ങളിലേക്ക് നയിക്കുന്നു. സ്ത്രീകളിൽ പുകവലി സ്വന്തം ആരോഗ്യം ഇല്ലാതാകുന്നതിനോടൊപ്പം ഗർഭിണികളിൽ കുഞ്ഞുങ്ങളുടെ ജീവനേത്തന്നെ പ്രതികൂലമായി ബാധിക്കുന്നു. കുഞ്ഞുങ്ങളിൽ വിവിധ തരം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ ഭാരക്കുറവ്, ഗർഭം അലസൽ, കുഞ്ഞുങ്ങളിൽ ശ്വസനസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നു. മദ്യം ഉപയോഗിക്കുന്ന സ്ത്രീകളിൽ അത് ചെറിയ തോതിൽ മുലപ്പാൽ വഴി കുഞ്ഞുങ്ങളിലേക്ക് എത്തുകയും, ഫീറ്റൽ ആൽക്ക ഹോളിക് സിൻഡ്രോം എന്ന സ്ഥിതിയിൽ എത്തുന്നു; കുഞ്ഞുങ്ങളുടെ വളർച്ച കുറയുന്നു, ഭക്ഷണം, ഉറക്കം, കാഴ്ച്ച, കേഴ് ഇവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.ഗർഭിണികൾ യാതൊരു കാരണവശാലും മദ്യം ഉപയോഗിക്കുകയോ, പുകവലിക്കുകയോ അരുത്.
യുവ സമൂഹം ലഹരിക്ക് അടിമപ്പെടുന്നത് കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണത്തിനും സമൂഹത്തിൻ്റെ സാംസ്കാരിക അധ:പതനത്തിനും സർവ്വോപരി സർവ്വനാശത്തിനും രാഷ്ട്ര ശിഥിലീകരണത്തിനും കാരണമാകും. കുട്ടികാലത്തുതന്നെ മാതാപിതാക്കളിൽ നിന്നും ഗുരുക്കൻമാരിൽ നിന്നും അവനേ നേർവഴിക്ക് നടത്തുവാനുള്ള മാർഗ്ഗങ്ങൾ ലഭ്യമാകണം; നാമജപം, വേദപഠനം, സൽസംഗ സമ്പർക്കം, സേവാ മനോഭാവം, ദേശഭക്തി, ആചാരാനുഷ്ടാനങ്ങൾ, ശരിയായ ജീവിതചര്യകൾ എന്നിവ ലഹരി ആയാൽ , ഹീനമായ പ്രവൃത്തികളിലേക്ക്, ലഹരിയുടെ വലയിലേക്ക് അവൻ വഴുതി വീഴില്ല…..
*ഡോക്ടർ രഘു.ഡി
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി….