‘പിറവി ‘എടുത്ത്.. വാനപ്രസ്ഥം താണ്ടി… വിസ്‌മൃതിയിലേക്ക്….1 min read

തിരുവനന്തപുരം :മലയാള സിനിമയെ ലോക ചലച്ചിത്ര ഭൂപടത്തിൽ അടയാളപ്പെടുത്തിയ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ ( 73 ) അന്തരിച്ചു .

തിരുവനന്തപുരംവഴുതക്കാട് ഉദാര ശിരോമണി റോഡിലെ പിറവി എന്ന വസതിൽ വെച്ചാണ് അന്ത്യം .

ആദ്യചിത്രമായ പിറവിക്ക് കാൻ ഫിലിം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമായി മാറി.
2010ൽ പത്മശ്രീ പുരസ്കാരവും 2024 ൽ ജെ സി ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഷാജി എൻ കരുൺ വിഖ്യാത സംവിധായകൻ ജി അരവിന്ദന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു . കെ.ജി. ജോർജ്, എം.ടി. വാസുദേവൻ നായർ എന്നിവര്‌‍ക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ നിരവധി സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു ..

ഛായാഗ്രാഹകനെന്ന നിലയില്‍ ഷാജി എൻ കരുൺ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. തമ്പ് എന്ന അരവിന്ദൻ സിനിമയ്ക്ക് അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡ് (1979) ലഭിച്ചിട്ടുണ്ട്. കാഞ്ചന സീത (1977), എസ്തപ്പാൻ (1981), ഒന്നു മുതൽ പൂജ്യം വരെ (1986) എന്നീ സിനിമകളിലെ ഛായാഗ്രഹണത്തിന് സംസ്ഥാന അവാർഡും ലഭിച്ചു. ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഷാജി എൻ കരുൺ.

കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായാണ് ഷാ‍ജി എൻ കരുൺ ജനിച്ചത്. പള്ളിക്കര സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1971 ൽ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി. അനസൂയ വാര്യരാണ് ഭാര്യ. അപ്പു കരുൺ, കരുൺ അനിൽ എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *