25/9/23
കൊച്ചി :കഷായത്തില്‍ വിഷം കലര്‍ത്തി സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
പാറശാല സ്വദേശി ഷാരോണിനെ വധിച്ച കേസിലാണ് ജാമ്യം. കേസില്‍ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31നാണ് ഗ്രീഷ്മയെ പാറശാല പോലീസ് അറസ്റ്റു ചെയ്തത്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തി അമ്മയേയും അമ്മാവനേയും അറസ്റ്റു ചെയ്തു. പ്രതികള്‍ക്കെതിരെ കുറ്റപത്രവും പോലീസ് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ കോടതിയെ സമീപിച്ചെങ്കിലും നെയ്യാറ്റിന്‍കര കോടതി അനുവദിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
വിചാരണ തടവുകാരിയായി വിചാരണ നേരിടണമെന്ന വാദം ഷാരോണിന്റെ കുടുംബവും ഉന്നയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഗ്രീഷ്മയ്ക്ക് ജാമ്യത്തിനായി വേണമെങ്കില്‍ കീഴ്‌കോടതിയെ സമീപിക്കാമെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ഗ്രീഷ്മ ജാമ്യത്തിനുള്ള നീക്കം തുടങ്ങിയത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്നാട്ടിലെ കോടതിക്കാണെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തമിഴ്‌നാട് പാളുകലിലുള്ള വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തില്‍ വിഷം കലക്കി നല്‍കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷാരോണിന്റെ മരണമൊഴിയില്‍ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവില്‍ ഗ്രീഷ്മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേര്‍ത്തത്.