2/11/22
തിരുവനന്തപുരം : ‘താൻ സുരക്ഷിതയാണെന്നും, തനിക്ക് മേൽ ആർക്കും സംശയം ഇല്ലെന്നും’ പ്രതിയെ വിശ്വസിപ്പിക്കുന്ന പോലീസ് തന്ത്രം…ഈ തന്ത്രത്തിന്റെ ‘ഉസ്താദ്’ആണ് ശില്പ ഐ പി എസ്.ശില്പയുടെ അനുഭവ പരിചയവും കുറ്റാന്വേഷണ രംഗത്തെ അതിവിദഗ്ദ്ധരായ സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ഷാരോണ്‍ കൊലക്കേസിന്റെ ചുരുളഴിച്ചത്.
ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ പങ്ക് നിർണായിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞത് ശില്പയാണ്. മാധ്യമങ്ങളിലൂടെ ഗ്രീഷ്മയുടെ മേൽ പോലീസിന്സംശയമില്ലെന്ന് വരുത്തി തീർക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പിന്നീട് ഗ്രീഷ്മയുടെ ഓരോ ചലനവും നിരീക്ഷിച്ച് പരമാവധി തെളിവുകൾ ശേഖരിക്കുക.. പഠിച്ച കള്ളിയെ കുടുക്കാൻ… അവളുടെ വഴിയേ സഞ്ചാരിക്കുക.. ഇതായിരുന്നു പോലീസിന്റെ തന്ത്രം.
ഗ്രീഷ്‌മയുടെ വീട്ടില്‍ നിന്ന് കഷായം കുടിച്ചതിനെ തുടര്‍ന്ന് ഷാരോണ്‍രാജ് ആന്തരികാവയവങ്ങള്‍ തകരാറിലായി മരണപ്പെട്ടതോടെ ഷാരോണിന്റെ വീട്ടുകാര്‍ ഉന്നയിച്ച സംശയങ്ങളോ പരാതികളോ വേണ്ടവിധം അന്വേഷിക്കുന്നതില്‍ പാറശാല പൊലീസ് കാട്ടിയ അലംഭാവമാണ് കേസ് റൂറല്‍ ജില്ലാ പൊലീസ് മേധാവിയായ ഡി. ശില്പയുടെ ശ്രദ്ധയില്‍പ്പെടാനിടയാക്കിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഷാരോണിന്റെ വീട്ടുകാര്‍ ഓരോദിവസവും പുറത്തുവിട്ട തെളിവുകളും മരണത്തിലെ സംശയങ്ങള്‍ ബലപ്പെടുത്തിയതോടെ എസ്.പി പ്രത്യേക താത്പര്യമെടുത്ത് കേസ് അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. പാറശാല പൊലീസില്‍ നിന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസ് ഫയലുകള്‍ നേരിട്ട് പരിശോധിച്ച ശേഷം അഡിഷണല്‍ എസ്.പി സുള്‍ഫിക്കറിന്റെയും ഡിവൈ.എസ്.പി ജോണ്‍സണിന്റെയും നേതൃത്വത്തില്‍ അന്വേഷണത്തിന് പ്ളാന്‍ തയ്യാറാക്കി. കുറ്റകൃത്യത്തെപ്പറ്റി ഷാരോണിന്റെ മരണമൊഴിയില്‍പ്പോലും പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ പഴുതടച്ച തെളിവുകള്‍ സമാഹരിക്കുകയായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യശ്രമം. കൂടത്തായിയില്‍ അന്വേഷണസംഘത്തലവനായിരുന്ന കെ.ജി. സൈമണിന് കീഴില്‍ എ.എസ്.പിയായുണ്ടായിരുന്ന ശില്പ അതേ തന്ത്രമാണ് ഇവിടെയും പുറത്തെടുത്തത്.
കൂടത്തായിയിലെ പ്രാഥമിക ചോദ്യം ചെയ്യലില്‍ സയനൈഡ് എത്തിച്ചുനല്‍കിയ മാത്യുവിന് മേല്‍ കൊലപാതകങ്ങള്‍ ചുമത്താന്‍ ശ്രമിച്ച ജോളിയെ സംഭവ ദിവസം സ്ഥലത്ത് അയാളുടെ സാന്നിദ്ധ്യമില്ലാതിരുന്നതുള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തി പൂട്ടിയ തന്ത്രമാണ് പാറശാലക്കേസിലും ഉപയോഗിച്ചത്. ഷാരോണിന് കഷായവും ജ്യൂസും മാത്രമാണ് നല്‍കിയതെന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ച ഗ്രീഷ്മ ഷാരോണിന്റെയും തന്റെയും ഫോണില്‍ നിന്ന് കണ്ടെടുത്ത തെളിവുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വിങ്ങിപ്പൊട്ടി. കൂടത്തായിക്ക് സമാനമായി കരമനയില്‍ കൂടത്തില്‍ തറവാട്ടിലെ സ്വത്ത് തട്ടിയെടുക്കല്‍ കൊലപാതകത്തില്‍ കൊലപാതകക്കുറ്റം ചുമത്തിയതുള്‍പ്പെടെ കൊലപാതകങ്ങളും ക്രിമിനല്‍ കേസുകളും അന്വേഷിക്കുന്നതില്‍ മികവുള്ളയാളാണ് അഡിഷണല്‍ എസ്.പി സുള്‍ഫിക്കറും. സിറ്റിയിലും റൂറലിലും അസി.കമ്മിഷണര്‍, ഡിവൈ.എസ്.പി പദവികളില്‍ ഏറെനാള്‍ ജോലി ചെയ്‌തിട്ടുള്ള സുള്‍ഫിക്കറിന് അടുത്തിടെയാണ് അഡിഷണല്‍ എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.ഐയായും സി.ഐയായുമിരിക്കെ കുറ്റാന്വേഷണരംഗത്ത് ഡിവൈ.എസ്.പി ജോണ്‍സണിന്റേതും ശ്രദ്ധേയമായ സേവനമായിരുന്നു.
പോലീസിന്റെ ബുദ്ധിയല്ല കുറ്റവാളിയുടേത്. അന്വേഷണ രീതിയും വ്യത്യസ്തമാണ്. ഏത് മികച്ച കള്ളനെയും പിടികൂടാനുള്ള കഴിവും, അറിവും ഉള്ളവർ കേരള പോലീസിൽ നിരവധിയാണ്. ചിലർ ഒഴികെ കൂടുതൽ പേരും ആ മികവ് പിന്തുടരുന്നുമുണ്ട്..എല്ലാ വിഷയങ്ങളിലും ട്രോൾ സൃഷ്ടിക്കുന്നവർ ഇത് ഓർക്കേണ്ടതാണ്.