തിരുവനന്തപുരം :സിദ്ധാർഥിന്റെ കൊലപാതകത്തിൽ കേരള സമൂഹം ഒന്നടങ്കം പ്രതിക്ഷേധിക്കണമെന്ന് തപസ്യ. ഇന്ന് വൈകുന്നേരം 6മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന കലാ സാംസ്കാരിക പ്രവർത്തകരുടെ സംഗമം കേരളത്തിന്റെ മനസാക്ഷിയെ ഉണർത്തുമെന്ന് സംഘാടകർ പറയുന്നു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന് സംഭവിച്ചത് ഇനിയൊരാൾക്കും സംഭവിച്ചുകൂടാത്തതാണ്. ഇരുപത്തൊന്നുകാരനായ ഒരു വിദ്യാർത്ഥിയെ സഹപാഠികൾ വിചാരണ ചെയ്ത് തല്ലിക്കൊന്ന് കെട്ടിത്തൂക്കിയെന്ന ഭീതിജനകമായ വാർത്ത പുറത്ത് വന്നിട്ട് നാളുകൾ കഴിയുമ്പോഴും കേരളം നിസംഗമാണ്. സാംസ്കാരിക കേരളത്തിൻ്റെ മുഖത്തേറ്റ പ്രഹരമാണീ സംഭവം. കലാസപര്യയുടേയും ജ്ഞാനാന്വേഷണത്തിൻ്റെയും ആലയങ്ങളാകേണ്ട വിദ്യാഭ്യാസകേന്ദ്രങ്ങൾ അരാജകത്വത്തിൻ്റെയും അക്രമത്തിൻ്റെയും വിളനിലമാക്കുന്നു. മുമ്പൊരിക്കലുമില്ലാത്ത വിധം കേരളം ചോദിക്കാനാളില്ലാത്ത, തിരുത്താനാളില്ലാത്ത, നാഥനില്ലാത്ത നാടാവുകയാണോ ? ഈ നിശബ്ദത അപലപനീയമാണ്. സിദ്ധാർത്ഥ് സമൂഹത്തിൻ്റെ മനസ്സാക്ഷിയാണ്. സിദ്ധാർത്ഥും ഒരു മകനാണ്……. പ്രബുദ്ധവും സംസ്കാരസമ്പന്നവുമെന്ന് പുകൾപ്പെറ്റ കേരളം സിദ്ധാർത്ഥിന് വേണ്ടി, നിതിക്ക് വേണ്ടി ശബ്ദിക്കണം. സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെയും അവർക്ക് പ്രേരണയായവരെയും നിയമത്തിന് മുന്നിലെത്തിക്കണം. സമൂഹമാകെ ഈ വിഷയത്തിൽ പ്രതികരിക്കാൻ സജ്ജമാകണം. അങ്ങേയറ്റം നിഷ്ക്രിയമായിപ്പോയ സാമൂഹിക സാംസ്കാരിക രംഗത്ത് തിരുത്തൽ അനിവാര്യമാണ്. സർക്കാർ നടപടികൾ കുറ്റമറ്റതും വേഗത്തിലും ആക്കണം. അതേ സമയം പൊതുസമൂഹം ഇത്തരം അരാജക പ്രവണതകൾക്കെതിരെ ശക്തമായി ഇടപെടണമെന്നും തപസ്യ ആവശ്യപ്പെടുന്നു.