3000 ‘സ്‌നേഹാരാമങ്ങൾ’ ഇന്ന്  നാടിന് സമർപ്പിക്കും1 min read

 

തിരുവനന്തപുരം :മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾക്ക് കീഴിൽ ഒരുക്കിയ ‘സ്‌നേഹാരാമങ്ങളുടെ സംയുക്തസമർപ്പണം ഇന്ന്  നടക്കും. രാവിലെ 11ന് തിരുവനന്തപുരം ഗവ.വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സമർപ്പണ ഉദ്ഘാടനം നിർവഹിക്കും. പൂർത്തിയായ 2740തും അന്തിമഘട്ടത്തിലുള്ള 260തും ഉൾപ്പെടെ, കഴിഞ്ഞ ഓഗസ്റ്റിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾക്ക് ആഹ്വാനം നൽകി മന്ത്രി പ്രഖ്യാപിച്ച ‘സ്‌നേഹാരാമങ്ങൾ’ ആണ് നാടിനു സമർപ്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ സ്‌നേഹാരാമങ്ങൾ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കേരളത്തിലെ 3,000 കേന്ദ്രങ്ങളെ സ്‌നേഹാരാമങ്ങളാക്കാൻ തിരഞ്ഞെടുത്ത്, 3,500 എൻ.എസ്.എസ് യൂണിറ്റുകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണിപ്പോൾ പദ്ധതിയിൽ. നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ നേതൃത്വത്തിലും സംസ്ഥാന-ജില്ലാ എൻ.എസ്.എസ് ഓഫീസുകളുടെ ഏകോപനത്തിലുമാണിത് നടത്തുന്നത്. കലാലയങ്ങളിലെ മറ്റു വിദ്യാർത്ഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത് സമിതികൾ, ബഹുജന കൂട്ടായ്മകൾ എന്നിവ പദ്ധതിക്ക് സഹകരണം നൽകും.

പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്ത പ്രദേശമാക്കി, പൊതുജനങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എൻ.എസ്.എസ് യൂണിറ്റുകൾ തങ്ങളുടെ തൊട്ടടുത്തുള്ള പൊതുസ്ഥലങ്ങളിലും, ദത്തുഗ്രാമങ്ങളിലും ആണ് സ്‌നേഹാരാമങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.

എൻ.എസ്.എസ് സന്നദ്ധഭടന്മാരെ മാലിന്യമുക്തം നവകേരളം 2024 പദ്ധതിയിലെ വിവരവിജ്ഞാന ശേഷിവികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കും. മാലിന്യസംസ്‌കരണത്തിൽ പൗരോത്തരവാദിത്തങ്ങളെ കുറിച്ചും പിന്തുടരേണ്ട ശരിയായ ശീലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് സന്നദ്ധഭടന്മാരെ സാമൂഹികമാറ്റത്തിൽ ചാലകശക്തിയാക്കി മാറ്റുക എന്നതു കൂടിയാണ് ക്യാമ്പയിനിന്റെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.

മാലിന്യം വലിച്ചെറിയലിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ എൻ.എസ്.എസ് വോളന്റിയർമാരുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തും. വിദ്യാലയങ്ങളെ മാതൃകാ ഹരിതസ്ഥാപനങ്ങളാക്കി മാറ്റും. ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ കൃത്യമായി ഡോക്യുമെന്റ് ചെയ്യാനുള്ള നൈപുണ്യം വളർത്തലും പദ്ധതിയുടെ ഭാഗമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചായിരുന്നു സ്‌നേഹാരാമങ്ങൾക്കുള്ള പ്രദേശങ്ങൾ തീരുമാനിച്ചത്. തുടർന്ന്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹകരണത്തിൽ എൻ.എസ്.എസ് യൂണിറ്റുകൾ പദ്ധതി പൂർത്തിയാക്കി. പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വോളന്റിയർമാരുടെ സർഗ്ഗാത്മകത കാഴ്ച്ചവച്ചു കൊണ്ടാണ് പ്രദേശം സ്‌നേഹാരാമമായി മാറ്റിയെടുത്തത്.

സപ്തദിന ക്യാമ്പുകളുടെ പ്രധാന പ്രൊജക്റ്റും ഈ വർഷം സ്‌നേഹാരാമങ്ങൾ ആയിരുന്നു. 3000 സ്‌നേഹാരാമങ്ങൾ ഒരുക്കുന്ന പദ്ധതിയിൽ 2740 സ്‌നേഹാരാമങ്ങളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 260 സ്‌നേഹാരാമങ്ങളുടെ പ്രവൃത്തി എത്രയും വേഗം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *