തിരുവനന്തപുരം :സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തന പരീക്ഷണം നാളെ നടക്കും. ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി, സംസ്ഥാനതലത്തിൽ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എട്ട് സ്ഥലങ്ങളിൽ സ്ഥാപിച്ച സൈറണുകൾ രാവിലെ മുതൽ പല സമയങ്ങളിലായി മുഴങ്ങും.
ഗവൺമെന്റ് എച്ച്.എസ്.കരിക്കകം, ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കല്ലറ, ഗവൺമെന്റ് യു.പി.എസ്, കിഴുവില്ലം, ഗവൺമെന്റ് യു.പി.എസ് വെള്ളറട, ഗവൺമെന്റ് എച്ച്.എസ്.എസ് കാട്ടാക്കട, ഗവൺമെന്റ് വി. എച്ച്. എസ്. എസ്. പൂവാർ, മിനി ഓഡിറ്റോറിയം, പൊഴിയൂർ, ഗവൺമെന്റ് എച്ച്.എസ്.എസ്. വിതുര എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്. പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.