തിരുവനന്തപുരം :വാമനപുരം നദിയുടെ ഉപനദിയായ കല്ലാർ നദിയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും നദിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കല്ലാർ തീരങ്ങളിൽ സുരക്ഷാവേലി സ്ഥാപിച്ചു. കല്ലാറിന്റെ അപടക കയങ്ങൾക്ക് ചുറ്റും സ്ഥാപിച്ച സുരക്ഷാവേലിയുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 42.48 ലക്ഷം രൂപ ചെലവാക്കിയാണ് സ്ഥിരം സുരക്ഷാസംവിധാനം കല്ലാറിന്റെ തീരങ്ങളിൽ ഒരുക്കിയത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സർക്കാരും പ്രദേശവാസികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ പറഞ്ഞു.
വിതുരപഞ്ചായത്തിലെ അപകടമേഖലകളായ ഇരുപത്തിയാറാം റാമ്പ്, വട്ടക്കയം, ആഞ്ഞിലിമൂട് ഫേസ് 1, ആഞ്ഞിലിമൂട് ഫേസ്-2, പുളിമൂട് എന്നീ സ്ഥലങ്ങളിൽ 360 മീറ്റർ നീളത്തിലും 3.60 മീറ്റർ ഉയരത്തിലുമാണ് ഫെൻസിങ് പൂർത്തിയായത്.
ഉദ്ഘാടനചടങ്ങിൽ വിതുരഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ് അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ് സന്ധ്യ, ഗ്രാമപഞ്ചായത്തംഗം ഐ.എസ് സുനിത, മറ്റ് അംഗങ്ങൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.