18/8/23
തിരുവനന്തപുരം :സപ്ലൈകോയുടെ ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രിമാരായ ആന്റണി രാജു ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്‍പ്പനയും, വി. ശിവൻകുട്ടി ശബരി ഉല്‍പ്പന്നങ്ങളുടെ റീബ്രാൻഡിംഗും നടത്തുന്നതാണ്.
ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നാളെയാണ് നടക്കുക. താലൂക്ക്/നിയോജകമണ്ഡല തല ഫെയറുകള്‍ ഓഗസ്റ്റ് 23 മുതല്‍ 28 വരെ ഉണ്ടാകും. പൊതുവിപണിയെക്കാള്‍ കുറഞ്ഞ നിരക്കിലാണ് സപ്ലൈകോയില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ, എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ വാങ്ങാനാകും. ഇത്തവണ ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നീ ശബരി ഉല്‍പ്പന്നങ്ങള്‍ പുതുതായി വിപണിയില്‍ പുറത്തിറക്കിയിട്ടുണ്ട്. പൊതു വിപണിയെക്കാള്‍ 45 രൂപ വരെയാണ് കിഴിവ് ലഭിക്കുക.
സപ്ലൈകോയുടെ കിഴിവിന് പുറമേ, വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 5 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവും, വിവിധ എഫ്‌എംസിസി ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ഉണ്ടായിരിക്കുന്നതാണ്. ഓണക്കാല വിപണി ലക്ഷ്യമിട്ട് 250 കോടി രൂപയുടെ അവശ്യസാധനങ്ങളാണ് സപ്ലൈകോ സംഭരിച്ചിട്ടുള്ളത്. മില്‍മ, ഹോര്‍ട്ടി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിലക്കുറവില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.