കണ്ണൂർ :ടി. പി. വധക്കേസിലെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകി വിട്ടയക്കുവാൻ സർക്കാർ നീക്കം.കേസിലെ പ്രതികളായ ടികെ രജീഷ്,മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടാണ് പൊലീസിന് കത്ത് നല്‍കിയത്.
ഹൈക്കോടതി വിധി മറികടന്നാണ് സര്‍ക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയായിരുന്നു ശിക്ഷ വര്‍ദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.
അതേസമയം ശിക്ഷ ഇളവ് നല്‍കരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ പുല്ലു വില കല്‍പ്പിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.
‘പ്രതികള്‍ക്ക് യാതൊരു ശിക്ഷാഇളവും നല്‍കരുതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. അതിനെ മറികടന്നുകൊണ്ടാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് നീങ്ങുന്നത്. നിയമപരമായി ഇതിനെതിരെ മുന്നോട്ട് പോകും. സർക്കാറിന്റേത് കോടതിയലക്ഷ്യ നടപടി കൂടിയാണ്. കോടതിവിധികള്‍ പോലും ഞങ്ങള്‍ക്ക് പുല്ലുവിലയാണ് എന്നാണ് ഇതിലൂടെ സർക്കാർ പറയുന്നത്. നേരത്തെയും ടിപികേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാൻ നീക്കം നടന്നിരുന്നു. വലിയ പ്രതിഷേധം ഉയർന്നതോടെയാണ് ഇതില്‍ നിന്ന് സർക്കാർ പിന്തിരിഞ്ഞത്. ഇപ്പോഴത് സർക്കാർ വീണ്ടും അതിനുള്ള പൊടിതട്ടിയെടുക്കുകയാണ്..’രമ പറഞ്ഞു.
‘സർക്കാർ എപ്പോഴും പ്രതികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചവരാണ്. ജയിലില്‍ കഴിഞ്ഞതിനേക്കാള്‍ കൂടുതല്‍ പ്രതികള്‍ പുറത്താണ് കഴിഞ്ഞിട്ടുള്ളത്. കോവിഡ് സമയത്ത് പ്രതികള്‍ ഒന്നരവർഷത്തോളം പുറത്തായിരുന്നു. പ്രതികള്‍ക്കായാണ് സർക്കാർ നിലകൊള്ളുന്നത്. അധികാരവും നിയമവും ഭരണവും കൈയിലുള്ളവർക്ക് എന്തും ചെയ്യാമെന്നതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. ഇതിനെ നിയമപരമായി നേരിടുക എന്നത് മാത്രമാണ് സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കുന്നതെന്നും രമ പറഞ്ഞു.