ന്യൂഡല്‍ഹി: കോടതിമുറിയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച അഭിഭാഷകനെതിരെ നടപടിയെടുത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. ഒന്നാം കോടതിമുറിയിലായിരുന്നു സംഭവം നടന്നത്. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കോടതിമുറിയിലുണ്ടായിരുന്നത്.
ഇതിനിടെ ഒരു അഭിഭാഷകൻ ഫോണില്‍ സംസാരിക്കുകയും ഇതോടെ നടപടിക്രമങ്ങള്‍ നിര്‍ത്തിയ ചീഫ് ജസ്റ്റിസ് അഭിഭാഷകനെ നേരിട്ട് വിളിച്ചുവരുത്തുകയും ആയിരുന്നു.
‘ഫോണില്‍ സംസാരിക്കാൻ ഇതെന്താ ചന്തയോ’ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, അഭിഭാഷകന്റെ ഫോണ്‍ വാങ്ങിവെക്കാൻ കോര്‍ട് മാസ്റ്റര്‍ക്ക് നിര്‍ദേശം നല്കി. കോടതിമുറിയില്‍ അച്ചടക്കം കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും ജഡ്ജിമാര്‍ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ചിലപ്പോള്‍ രേഖകള്‍ പരിശോധിക്കുകയാവാം, എന്നാല്‍ ഞങ്ങളുടെ കണ്ണുകള്‍ എല്ലായിടത്തുമുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.