21/10/22
തിരുവനന്തപുരം :സാങ്കേതിക സർവ്വകലാശാല വി സി ഡോ :എം. എസ്.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്.
നിയമനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രം കൈമാറിയത് ചട്ടവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എം. എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍, ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
2013 ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2015 ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകരുടെയും വാദം. യു.ജി.സി അനുമതിയോടെയായിരുന്നു നിയമനമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
വൈസ് ചാന്‍സിലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങളില്‍ മൂന്ന് ലംഘനം ഉണ്ടായെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള പ്രമുഖ വ്യക്തികള്‍ അടങ്ങുന്നതാവണം സെര്‍ച്ച് കമ്മിറ്റി എന്ന ചട്ടം ലംഘിച്ചു എന്നതാണ് ആദ്യ ആരോപണം. വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ചീഫ് സെക്രട്ടറിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ അംഗമാക്കിയതെന്ന് ഇവര്‍ പറഞ്ഞു.
യുജിസി ചെര്‍മാന്റെ നോമിനിക്ക് പകരം എഐസിടിഇ (AICTE) നോമിനിയെയാണ് സെര്‍ച്ച് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും രണ്ടാമത്തെ ലംഘനമായി ഹര്‍ജിക്കാര്‍ ആരോപിച്ചു. വൈസ് ചാന്‍സലര്‍ നിയമനത്തിന് പാനല്‍ നല്‍കണമെന്ന ചട്ടത്തിലെ വ്യവസ്ഥയും സര്‍ക്കാര്‍ ലംഘിച്ചു. ഡോ. രാജശ്രീയുടെ പേര് മാത്രമാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് കൈമാറിയതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.
രാജശ്രീയ്ക്ക് വേണ്ടി അഭിഭാഷകന്‍ പി.വി. ദിനേശാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് എന്നിവര്‍ ഹാജരായി. അഭിഭാഷകരായ ഡോ.അമിത് ജോര്‍ജ്, മുഹമ്മദ് സാദിഖ്, ആലിം അന്‍വര്‍ എന്നിവരാണ് ഹര്‍ജിക്കാരന്‍ ശ്രീജിത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
അതേസമയം വി സി നിയമനത്തെ മന്ത്രി ബിന്ദു ന്യായീകരിച്ചു.
ഡോ.എം എസ് രാജശ്രീ മതിയായ യോഗ്യതയും കാഴ്ചപ്പാടുമുള്ള വ്യക്തിയാണെന്ന് മന്ത്രി പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് ലഭിച്ചശേഷം തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു .
വി സി നിയമന ഉത്തരവ് റദ്ദാക്കിയ സുപ്രിംകോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഹര്‍ജിക്കാരന്‍ പ്രതികരിച്ചു. തനിക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്ന് തോന്നിയതിനാലാണ് സുപ്രിംകോടതിയെ സമീപിച്ചതെന്ന് ഡോ. പി എസ് ശ്രീജിത്ത് പറഞ്ഞു.