9/5/23
കൊച്ചി :മലപ്പുറം താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ടെ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്‌ട്രിയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കളക്‌ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ചയ്ക്കകം നല്‍കണം. പോര്‍ട്ട് ഓഫീസറും ജില്ലാ കളക്‌ടറും ചീഫ് സെക്രട്ടറിയും ഡി ജി പിയും എതിര്‍ കക്ഷികളാകും.
‘നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുകയാണ്. ഉത്തരവാദികളെ കണ്ടെത്തണം. കടുത്ത ആശങ്കയുണ്ട്. യാത്ര സുരക്ഷിതമെന്ന് ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥരില്ലേ? എന്തുകൊണ്ടാണ് കണ്ണടച്ചിരിക്കുന്നത്? ചീഫ് സെക്രട്ടറിയെ കേസില്‍ കക്ഷിയാക്കണം. അപകടം ഞെട്ടിക്കുന്നതാണ്. കാരണം കണ്ടെത്തേണ്ടതുണ്ട്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇത്തരം ദുരന്തം ഉണ്ടാകുന്നു. ഇത് തടയുന്നതിനുള്ള യാതൊരു നടപടികളും ഉണ്ടാകുന്നില്ല. ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണം. സര്‍ക്കാരിന് ഗൗരവമുണ്ടെങ്കില്‍ കോടതിയ്ക്ക് ഒപ്പം നില്‍ക്കണം’- കോടതി വ്യക്തമാക്കി. ജീവന്‍ പണയംവച്ച് നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
പോര്‍ട്ട് ഓഫീസറോട് കോടതി റിപ്പോര്‍ട്ട് തേടി. മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്. നിലവില്‍ മാരിടൈം ബോര്‍ഡിന്റെ അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ആഭ്യന്തര അന്വേഷണം നടത്തുകയാണ്. ഈ അന്വേഷണ റിപ്പോര്‍ട്ടായിരിക്കും മാരിടൈം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.