സംസ്ഥാനത്തുടനീളം കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ തുറക്കാനും തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്ത് അക്ഷയ കേന്ദ്രങ്ങളിലെ സേവന നിരക്കുകൾ വർദ്ധിപ്പിക്കാൻ തത്വത്തിൽ തീരുമാനമായി. അക്ഷയ കേന്ദ്രങ്ങളിലെ നിരക്ക് വർദ്ധനവ് സംബന്ധിച്ച് പഠനം നടത്താൻ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിനെ ഐടി വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠനം പൂർത്തിയാകുന്ന പക്ഷം നിരക്ക് വർദ്ധനവ് നടപ്പാക്കിയേക്കുമെന്നാണ് അറിയുന്നത്. അഞ്ച് വർഷം മുൻപാണ് അക്ഷയ കേന്ദ്രങ്ങളിലെ നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. ഈ നിരക്കിലെ വരുമാനം കൊണ്ട് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് ഉടമകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്റർനെറ്റ് ചാർജ്, വൈദ്യുതി, കെട്ടിട വാടക, ജീവനക്കാരുടെ വേതനം എന്നിവ ഉയർന്നിട്ടുണ്ട്.
സ്കാനിംഗ്, പ്രിന്റിംഗ് തുടങ്ങിയവയ്ക്ക് മൂന്ന് രൂപയാണ് നിലവിലെ നിരക്ക്. ഇത് മിനിമം 5 രൂപയെങ്കിലുമായി വർദ്ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യമായി പറയുന്നത്. നിരക്ക് വർദ്ധനവിനോടൊപ്പം സംസ്ഥാനത്തുടനീളം കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ തുറക്കാനും തീരുമാനമായിട്ടുണ്ട്. രണ്ട് അക്ഷയ കേന്ദ്രങ്ങൾ തമ്മിലുള്ള ദൂരപരിധി പഞ്ചായത്തുകളിൽ ഒന്നര കിലോമീറ്ററും, മുൻസിപ്പാലിറ്റികളിൽ ഒരു കിലോമീറ്ററും, കോർപ്പറേഷനിൽ 700 മീറ്ററുമാക്കാനാണ് ആലോചന. നിലവിൽ, 2,700 അക്ഷയ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.