തിരുവനന്തപുരം :തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണനെതിരെ മാധ്യമ പ്രവർത്തക നൽകിയ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് രാധാകൃഷ്ണൻ. പരാതി വ്യാജമാണെന്നും,തന്നെയും പ്രസ് ക്ലബിനെയും തകർക്കാൻ നിരന്തരം പരിശ്രമിക്കുന്ന ഗൂഢശക്തികളാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. നടന്ന സംഭവങ്ങൾ സത്യസന്ധമായി അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം
*എനിക്കെതിരെ വ്യാജ വാർത്ത പടച്ചുവിട്ടിരിക്കുന്നു*
പ്രിയമുള്ളവരേ,
തെറ്റിദ്ധരിക്കപ്പെട്ട് ഒരാൾ നൽകിയ പരാതി എനിക്കെതിരെ വ്യാപകമായി പ്രചരിപ്പിച്ചിരിക്കുന്നു.
എന്നെയും പ്രസ് ക്ലബിനെയും തകർക്കാൻ നിരന്തരം പരിശ്രമിക്കുന്ന ഗൂഢശക്തികളാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്.
ഞാൻ ഫെബ്രുവരി 3ന് ഏഴര മണിയോടെ ജനാൽ ഹോസ്പിറ്റൽ കഴിഞ്ഞ് കുന്നുകുഴിയിലേക്ക് പോകാനായി എ കെ ജി സെൻ്റർ ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്നു. പെട്രോൾ പമ്പ് കഴിഞ്ഞ ഉടൻ ആരെടാ എന്നു ചോദിച്ചുള്ള ഒരു തെറി വിളി കേട്ടു .സമീപത്ത് ഏതോ വാഹനത്തിൽ നിന്ന് മദ്യപിച്ച ആരോ വിളിക്കുന്നതായാണ് തോന്നിയത്. ഈ സമയം ഞാൻ ബൈക്ക് ഇടതു ഭാഗത്ത് ഒതുക്കി നിറുത്തി നോക്കി.
അസ്വാഭാവികമായി മറ്റൊന്നും കണ്ടില്ല. മിനിട്ടുകൾക്കകം ഞാൻ വണ്ടി മുന്നോട്ടെടുത്തു. ഈ സമയം പിറകിൽ നിന്ന് ടൂവീലറിൽ ഒരു സ്ത്രീ എന്നെ മറികടന്ന് മുന്നോട്ട് പോകുന്നത് കണ്ടു. ഇതിനിടെ തെറി വിളി വീണ്ടും കേട്ടു . കുറച്ചു മുന്നോട്ടു പോയ സ്ത്രീ റോഡിനു നടുക്ക് വാഹനം നിറുത്തി അഞ്ചാറു മീറ്റർ പിറകിലായിരുന്ന എന്നെ എന്താടാ എന്ന് ചോദിച്ച് തെറി വിളിച്ചു. നിനക്കെന്തു വേണം എന്ന് ഞാൻ മറുപടി പറഞ്ഞു.
മറ്റാരോ തെറി വിളിച്ചതിനെ ഞാനാണെന്നു കരുതിയതാകും എന്ന് തോന്നുന്നു. ഞാനല്പം പരിഭ്രമിച്ചു. നടുറോഡിൽ ഒരു സീനുണ്ടായാൽ സത്യം ബോധ്യപ്പെടുത്താൻ കഴിയാതെ ഉണ്ടാകുന്ന മാനഹാനി വളരെ വലുതായിരിക്കുമല്ലോ.
ഞാൻ ഗതി മാറ്റി വാഹനം ഓടിച്ചു പോയി.
ഇത്രയുമാണ് നടന്നത്.
ഞാനാരെയും തെറി വിളിച്ചിട്ടില്ല. ഇതാണ് സത്യം.
പന്ത്രണ്ടാം തീയതി രാവിലെ കൻ്റോൺമെൻ്റ് Pട ൽ നിന്ന് എന്നെ വിളിച്ചു.
മൂന്നാം തീയതി നടന്ന സംഭവത്തിൽ ഒരു പരാതി കിട്ടിയെന്നും സ്റ്റേഷനിലേക്ക് വരണമെന്നും പറഞ്ഞു.
ഞാൻ ചെന്നു.
ഒരു സ്ത്രീയെ അസഭ്യം വിളിച്ചതായി പരാതി ഉണ്ടെന്ന് പറഞ്ഞു.
ഞാൻ വസ്തുത ഓഫീസർമാരെ ബോദ്ധ്യപ്പെടുത്തി.
സി സി ടി വി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടു.
ഒരാഴ്ചയായി എല്ലാ ക്യാമറകളും വിശദമായി പരിശോധിച്ചെന്നും പരാതിയിൽ പറയുന്ന പോലെ ഒന്നും കാണുന്നില്ലെന്നും ഓഫീസർമാർ പറഞ്ഞു.
എനിക്ക് പറയാനുള്ളത് നടന്ന സംഭവമാണ്. ഞാനത് വള്ളി പുള്ളി തെറ്റാതെ എഴുതി ഒപ്പിട്ടു കൊടുത്തു.
എന്നെ പ്രതിചേർക്കുമെന്ന് ഞാനിപ്പോഴും കരുതുന്നില്ല.
ശരിക്കും ഞാനാണ് പരാതി നൽകേണ്ടത്. ഞാനത് ചോദിച്ചപ്പോൾ ഇത്രയും ദിവസം കഴിഞ്ഞില്ലേ, ഇനി അത് വേണ്ട, എന്നാണ് ഓഫീസർ പറഞ്ഞത്.
*(നമ്മുടെ കൂട്ടത്തിലുള്ള മുതിർന്ന മാധ്യമ പ്രവർത്തകർ പോലീസ് ഓഫീസർമാരോട് സംസാരിച്ചു കൂടി ബോധ്യപ്പെട്ട കാര്യങ്ങളാണിത്. ആർക്കും അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ച് ഇക്കാര്യങ്ങൾ ബോധ്യപ്പെടാവുന്നതാണ്. )*
*വസ്തുതാ വിരുദ്ധമായി പ്രചരിപ്പിക്കുന്ന വാർത്തകൾക്കും ഉറവിടങ്ങൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്*