24/8/22
തൊടുപുഴ :പഠിക്കാൻ മിടുക്കി, കലകളിലും മറ്റ് പ്രവർത്തനങ്ങളിലും ആക്റ്റീവ്,മികച്ച ഭാവിയുള്ള കിട്ടിയെന്ന് അധ്യാപകർ പറയാറുള്ള കുട്ടി, അക്ഷയ വീണത് പ്രണയം പൂശിയ ലഹരികുഴിയിൽ
സാധാരണ കുടുംബത്തിൽ പിറന്ന അക്ഷയ പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടി പാസ്സായി കോതമംഗലം മാര്‍ അത്താനാസിയോസ് കോളേജിലാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. ആഗ്രഹിച്ച സബ്ജക്‌ട് കിട്ടാത്തതിനാല്‍ സോഷ്യോളജിയാണ് എടുത്തത്.പഠനത്തില്‍ മാത്രമല്ല, കലാപരമായ കഴിവുകള്‍ കൂടിയുണ്ടായിരുന്ന കുട്ടിയായിരുന്നു അക്ഷയ. ചിത്ര രചനയിലും ആലാപനത്തിലും പ്രഗത്ഭയായിരുന്നു. നിരവധി പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുമുണ്ട്. അതിനാല്‍ തന്നെ കോളേജില്‍ ഏവരുടെയും പ്രിയങ്കരിയായിരുന്നു. 85 ശതമാനം മാര്‍ക്ക് വാങ്ങിയായിരുന്നു ബിരുദം പൂര്‍ത്തിയാക്കിയത്. പിന്നീട് അക്കൗണ്ടിങ് പഠിക്കാനായി എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്നു. ഇതിനിടയിലാണ് റസാക്കുമായി ബന്ധമുണ്ടാകുന്നത്. ഇതര മതസ്ഥനായ ഒരാളുടെ ഒപ്പം ഒരു കാരണവശാലും വിവാഹം കഴിപ്പിച്ചയക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ ഒരേ വാശിയില്‍ തന്നെ അക്ഷയ നിന്നു. യൂനസ് റസാക്കുമായുള്ള ബന്ധം അറിഞ്ഞ് പിതാവ് അക്ഷയയുടെ മൊബൈല്‍ ഫോണ്‍ തല്ലിതകര്‍ക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനായി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് ഇയാളെ വിളിച്ചു വരുത്തി സംസാരിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്.
എന്നാല്‍ അക്ഷയയോട് വിവാഹം കഴിക്കും എന്നും പറഞ്ഞു. ഇതിനിടയില്‍ ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ ചാടി അക്ഷയ ആത്മഹത്യക്ക് ശ്രമം നടത്തി. വാരിയെല്ലൊടിഞ്ഞ നിലയില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ് അന്ന് രക്ഷപെടുത്തിയത്. ഇതോടെ യൂനസ് റസാക്കിന്റെ തൊടുപുഴയിലെ വീട്ടില്‍ വിവാഹകാര്യവുമായി മാതാപിതാക്കള്‍ പോയി. എന്നാല്‍ അവര്‍ വിവാഹത്തിന് എതിരായിരുന്നു. അഞ്ചു നേരം നിസ്‌ക്കരിക്കുന്ന കുടുംബമാണ് എന്നും അതിനാല്‍ അന്യമതക്കാരിയായ പെണ്‍കുട്ടിയെ മകനുമായി വിവാഹം കഴിപ്പിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു മറുപടി. ഇക്കാര്യം അക്ഷയുമായി വീട്ടുകാര്‍ സംസാരിച്ചപ്പോള്‍ ഇനി ബന്ധത്തിനൊന്നും പോകില്ലെന്നായിരുന്നു മറുപടി. എന്നാല്‍ വീട്ടുകാരറിയാതെ വീണ്ടും ഇവര്‍ ബന്ധം തുടരുകയായിരുന്നു.
ആറുമാസത്തെ കോഴ്സ് 4 മാസമായപ്പോള്‍ നിര്‍ത്തി. പിന്നീട് തുണിക്കടയില്‍ ജോലിക്ക് പോകുകയായിരുന്നു. തൊടുപുഴയിലുള്ള ടെകസ്റ്റയില്‍സ് ഷോപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചും ഇരുവരും തമ്മില്‍ നിത്യവും കാണുന്നത് പതിവായി. വിദേശത്ത് ജോലി ശരിയാക്കാനായി പിതാവ് ഇതിനിടയില്‍ ശ്രമം നടത്തി. അതിനായി പണം മുടക്കുകയും ചെയ്തു. അതിനിടയിലാണ് എം.ഡി.എം.എയുമായി അക്ഷയ പിടിയിലാകുന്നത്.എം.ഡി.എം.എയുമായി പിടിയിലാകുന്ന ദിവസം രാവിലെ 8.30 ന് അക്ഷയ മാതാവിനെ ഫോണില്‍ വിളിച്ചിരുന്നു. കടുത്ത പനിയും ബ്ലീഡിങ്ങും മൂലം തൊടുപുഴ താലൂക്കാശുപത്രിയില്‍ അഡ്‌മിറ്റാണെന്നും ആശുപത്രിയിലേക്ക് വരണമെന്നും പറഞ്ഞിരുന്നു. ആശുപത്രിയിലേക്ക് പോകാനായി മാതാവ് ഒരുങ്ങി ഇറങ്ങുന്നതിന് മുന്‍പ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു പൊലീസുകാരിയാണ് ഫോണ്‍ എടുത്തത്. അങ്ങനെയാണ് ഉച്ചയ്ക്ക് 1 മണിയോടെ അക്ഷയയെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത അറിയുന്നത്. വേഗം തന്നെ അവര്‍ ഇളയ മകളുമായി തൊടുപുഴയിലെത്തി. അവിടെ വച്ച് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ചതിക്കുകയായിരുന്നു എന്നാണ് അക്ഷയ പറഞ്ഞത് എന്ന് മാതാവ് പറഞ്ഞു. മകള്‍ പറഞ്ഞതാവും ശരിയെന്നാണ് അവരും വിശ്വസിക്കുന്നത്. കാരണം ആശുപത്രിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് ചെയ്യിപ്പിച്ചാണ് ലോഡ്ജിലേക്ക് കൊണ്ടു പോയത്. പൊലീസ് മകളെയും പിടികൂടട്ടെ എന്ന് കരുതിയാവണം ഇങ്ങനെ ചെയ്തത് എന്നാണ് മാതാവ് പറയുന്നത്.
എന്നാല്‍ പൊലീസ് പറയുന്നത് അക്ഷയയ്ക്ക് ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും ഉണ്ടായിരുന്നു എന്നാണ്. അക്ഷയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യൂനസ് റസാക്കും കുടുങ്ങുന്നത്. ഇനിയും നിരവധി കണ്ണികള്‍ ഉള്ളതായി സംശയിക്കുന്നു എന്നാണ് തൊടുപുഴ എസ്.എച്ച്.ഒ വി സി വിഷ്ണുകുമാര്‍ പറയുന്നത്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഏതാനും ദിവസത്തിനുള്ളില്‍ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണിത്. ശനിയാഴ്ചയാണ് എംഡിഎംഎയും കഞ്ചാവും സഹിതം ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ എം.ജെ.ഷാനവാസിനെയും കൂട്ടാളിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ റിമാന്‍ഡിലാണ്. ഡിവൈഎസ്‌പി മധു ബാബുവിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇന്നലെ പ്രതികളെ പിടികൂടിയത്.
തൊടുപുഴ എസ്‌എച്ച്‌ഒ വി സി.വിഷ്ണു കുമാര്‍, എസ്‌ഐമാരായ കൃഷ്ണന്‍ നായര്‍, എഎസ്‌ഐ ടി.എസ് ഷംസുദീന്‍, ഉണ്ണിക്കൃഷ്ണന്‍, സിപിഒമാരായ മാഹിന്‍, സിനാജ്, വിഷ്ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. ഇടുക്കി എസ്‌പിയുടെ ഡാന്‍സാഫ് ടീം, ഡിവൈഎസ്‌പിയുടെ സ്പെഷല്‍ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.