തിരുവനന്തപുരം :ലോകത്ത് തന്നെ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഇക്കോ ടൂറിസം മേഖലയ്ക്ക് സംസ്ഥാനത്തെ ടൂറിസത്തിലും പ്രാധാന്യം നൽകുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് ഇക്കോ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. ഇക്കോ ടൂറിസമെന്നാൽ പൂർണമായും പരിസ്ഥിതി സൗഹൃദമായി ആയിരിക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. കേരളത്തെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന സഞ്ചാരികൾക്ക് നല്ല അഭിപ്രായമാണ്. ടൂറിസം വികസനത്തിന് സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തൂങ്ങാംപാറ വിൻസെൻസോ മരിയ സർനെല്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഐ.ബി.സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേന നടപ്പാക്കുന്ന പദ്ധതി 99.99 ലക്ഷം രൂപ ചെലവിലാണ് നിർമ്മിക്കുക. ഹാബിറ്റാറ്റ് ആണ് നിർമാണ നിർവ്വഹണം. ഒന്നാം ഘട്ടത്തിൽ പാറയുടെ മുകളിലേക്ക് കയറുവാനുള്ള പടവുകൾ, ശൗചാലയം, കുടിലുകൾ (Hut), പാറ മുകളിൽ അതിർത്തി സംരക്ഷണഭിത്തി, സൂചന ഫലകങ്ങൾ, പാറ മുകളിലെ തുറസ്സായ സ്‌റ്റേജ്, മഴവെള്ള സംഭരണി, പ്ലംബിംഗ് ആൻഡ് ഇലക്ട്രിഫിക്കേഷൻ, ഗോവണി, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.