തിരുവനന്തപുരം: സാങ്കേതികവിദ്യാ രംഗത്ത് ലോകത്തിനു മുന്‍പില്‍ തിരുവനന്തപുരത്തെ നൂതനാശയങ്ങളുടെ പുതിയ കലവറയാക്കി മാറ്റാന്‍ വമ്പന്‍ പദ്ധതിയുമായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരത്തെ രാജ്യാന്തര പ്രാധാന്യമുള്ള സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനങ്ങളായ ഐഎസ്ആര്‍ഒ, ഐഐഎസ്ഇആര്‍, ആര്‍ജിസിബി എന്നിവയുടെ സാങ്കേതിക സൗകര്യങ്ങളും മികവും ഉപയോഗപ്പെടുത്തി ഇന്ത്യയിലെ മുന്‍നിര സാങ്കേതികവിദ്യാ ഗവേഷണ കേന്ദ്രമാക്കി തിരുവനന്തപുരത്തെ മാറ്റുന്നതിന് തിരുവനന്തപുരം റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ (ട്രിക്) എന്ന പേരിലാണ് രാജീവ് പുതിയ ആശയം പങ്കുവച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇലക്ട്രിക്കല്‍ എഞ്ചിനിയേഴ്‌സ് (ഐ ട്രിപ്പിള്‍ ഇ) ആന്റിനാസ് ആന്റ് പ്രൊപഗേഷന്‍ സൊസൈറ്റിയുടെ 75ാമത് വാര്‍ഷിക പരിപാടിയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ് മന്ത്രി തന്റെ സ്വപ്‌ന പദ്ധതിയെ കുറിച്ച് വിശദീകരിച്ചത്.
“അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിവിദ്യാ രംഗത്ത് നൂതനാശയങ്ങള്‍ക്കും നവീന ഗവേഷണങ്ങള്‍ക്കും മുന്‍പില്ലാത്ത വിധം പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. മികച്ച മനുഷ്യവിഭവ ശേഷിയും ലോകോത്തര ഗവേഷണ സ്ഥാപനങ്ങളുമുള്ള തിരുവനന്തപുരത്തിന് വലിയ അവസരമാണ് മുന്നിലുള്ളത്. ശാസ്ത്ര ഗവേഷണം, എഐ, മെഡിസിന്‍, സിന്തറ്റിക് ബയോളജി തുടങ്ങി ഒട്ടേറെ മേഖലകളില്‍ അത്യാധുനിക ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രമായി തിരുവനന്തപുരത്തിന് മാറാന്‍ ശേഷിയുണ്ട്. ഇതിനായി ഇവിടെയുള്ള മികവുറ്റ സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്താന്‍ സാധിക്കും,” രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഐടി രംഗത്ത് ചരിത്രപരമായി തിരുവനന്തപുരത്തിനുണ്ടായിരുന്ന പ്രാധാന്യം തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐടി മുന്നേറ്റത്തില്‍ രണ്ടു പതിറ്റാണ്ടു മുമ്പ് തിരുവനന്തപുരം മുന്‍നിരയിലുണ്ടായിരുന്നു. ഈ സ്ഥാനം വീണ്ടെടുത്ത് നഗരത്തെ വളര്‍ച്ചയുടെ പുതിയ പാതയിലെത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രിക്ക് പദ്ധതിയുടെ വിശാല സാധ്യതകളെ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി അക്കാഡമിക്, ഇന്‍ഡസ്ട്രി, ഗവണ്‍മെന്റ് രംഗങ്ങളിലുള്ളവരുടെ കൂട്ടായ പരിശ്രമവും സഹകരണവും ആവശ്യമാണെന്നും രാജീവ് പറഞ്ഞു.