26/3/23
കൊച്ചി : വാഹനപരിശോധനയ്ക്കിടെ പോലീസ്കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എസ് ഐയെ സസ്‌പെന്റ് ചെയ്തു.
തൃപ്പൂണിത്തുറ ഹില്‍പാലസ് എസ് ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇരുമ്ബനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് സ്റ്റേഷനില്‍ വച്ച് മരണപ്പെട്ടത്. സംഭവത്തില്‍ ഗുരുതര ആരോപണവുമായി ദൃക്സാക്ഷികളായ നാട്ടുകാര്‍ രംഗത്തെത്തി. പരിശോധനയ്ക്കിടെ പൊലീസ് മനോഹരനെ മര്‍ദ്ദിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം. രോഷാകുലരായ നാട്ടുകാര്‍ ഇപ്പോള്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. പൊലീസിനെതിരെ പരാതി ഉയര്‍ന്നതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ മേല്‍നോട്ടത്തിലാവും അന്വേഷണം.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മനോഹരന്‍ വാഹന പരശോധനയ്ക്കിടെ ബൈക്ക് മുന്നോട്ട് നീക്കിയാണ് നിര്‍ത്തിയത്. ഇതില്‍ പ്രകോപിതരായ പൊലീസുകാര്‍ മനോഹരന്റെ മുഖത്ത് മര്‍ദ്ദിച്ചുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്. പൊലീസിനെ ഭയമാണെന്ന് മനോഹരന്‍ പറഞ്ഞുവെന്നും, തുടര്‍ന്ന് മദ്യപച്ചോയെന്ന് അറിയാന്‍ പരശോധന നടത്തിയെങ്കിലും ബ്രീത്ത് അനലൈസറില്‍ മദ്യപിച്ചതായി തെളിഞ്ഞില്ലെന്നും നാട്ടുകാര്‍ പറയുന്നു.
മദ്യപിച്ചില്ലെന്ന തെളിഞ്ഞതോടെ അലക്ഷ്യമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് മനോഹരനെ ബലമായി ജീപ്പില്‍ കയറ്റി സ്റ്റേഷനലേക്ക് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്ബനം കര്‍ഷക കോളനി ഭാഗത്തുവെച്ചാണ് പൊലീസ് മനോഹരനെ കസ്റ്റഡിയില്‍ എടുത്തത്. ജീപ്പില്‍ സ്റ്റേഷനിലെത്തിച്ച മനോഹരന്‍ കുഴഞ്ഞുവീണെന്നാണ് പൊലീസ് ഭാഷ്യം. ഉടന്‍ ജീപ്പില്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.