16/2/23
ത്രിപുര :ഈ വർഷത്തെ ആദ്യ തെരഞ്ഞെടുപ്പ് ഇന്ന് ത്രിപുരയിൽ നടക്കും. വാശിയേറിയ മത്സരത്തിന് കളമൊരുങ്ങുമ്പോൾ അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പ് പാർട്ടികൾക്ക് ആശങ്കയും, പ്രതീക്ഷയും നൽകുന്നു.
അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ ത്രിപുരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘര്‍ഷ മേഖലകളായ ബിശാല്‍ഘട്ട്, ഉദയ്പൂര്‍,മോഹന്‍പൂര്‍ അടക്കമുള്ള ഇടങ്ങളില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു.
ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരത്തിനാണ് ഇത്തവണ അരങ്ങൊരുങ്ങിയിരിക്കുന്നത്. ഭരണകക്ഷിയായ ബിജെപി-ഐപിഎഫ്ടി സഖ്യം, സിപിഎം-കോണ്‍ഗ്രസ് സഖ്യം, ടിപ്ര മോത, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളാണ് 60 അംഗ നിയമസഭയിലേക്ക് മുഖാമുഖം ഏറ്റുമുട്ടുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനാണ്.
ബിജെപി 55 സീറ്റുകളിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) അഞ്ചിലുമാണ് മത്സരിക്കുന്നത്. 2018-ലെ നിയമസഭയില്‍ 36 ഉം നേടിക്കൊണ്ടായിരുന്നു രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിച്ച് ബി ജെ പി അധികാരം പിടിച്ചത്.
ആദിവാസി പാര്‍ട്ടിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ പി എഫ് ടി)യുമായുള്ള സഖ്യം, 20 ഗോത്ര സംവരണ മണ്ഡലങ്ങളില്‍ 18 എണ്ണവും (ബിജെപി 10 ഉം (ഐ പി എഫ് ടി 8 ഉം) തൂത്തുവാരി. 44 സീറ്റുകളില്‍ 33-ലും സഖ്യത്തിന് 50 ശതമാനത്തിലധികം വോട്ട് വിഹിതവും കഴിഞ്ഞ വര്‍ഷം ലഭിച്ചു.എന്നാല്‍ അധികാരത്തിലേറിയ അഞ്ച് വര്‍ഷം ബി ജെ പിയെ സംബന്ധിച്ചും ഒട്ടും സുഖകരമായിരുന്നില്ല. മുഖ്യമന്ത്രിയെ അടക്കം മാറ്റി പരീക്ഷിക്കേണ്ടി വന്നു.
ഈ തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണയിലാണ് മത്സരിക്കുന്നതെങ്കിലും നാലിടത്ത് സൗഹൃദമത്സരമുണ്ടാകും. 17 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സിപിഎം 43 സീറ്റുകളിലും മത്സരിക്കും.