ഈജിപ്ത് :UN Habitat, Shanghai മുനിസിപ്പാലിറ്റി എന്നിവയുടെ നേതൃത്വത്തിൽ നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള അന്താരാഷ്ട്ര അവാർഡിന് (UN Habitat – Shanghai ഗ്ലോബൽ അവാർഡ്) തിരുവനന്തപുരം നഗരസഭയെ തിരഞ്ഞെടുത്തു. നഗരങ്ങളുടെ വികസനം ലക്ഷ്യമാക്കി 2030ലെ അജണ്ടയും പുതിയ നഗര അജണ്ടയും നടപ്പിലാക്കുന്നതിൽ ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും പുരോഗതിയ്ക്കും നേട്ടങ്ങൾക്കുമാണ് UN Habitat – Shanghai ഗ്ലോബൽ അവാർഡ് നൽകുന്നത്.
മുൻ വർഷങ്ങളിൽ UN Habitat – Shanghai ഗ്ലോബൽ അവാർഡിന് അർഹമായ മറ്റു നഗരങ്ങൾ: ബ്രിസ്ബെയിൻ (ഓസ്ട്രേലിയ), ഫുസു (ചൈന), ജോർജ് ടൗൺ (മലേഷ്യ), കംപാല (ഉഗാണ്ട), സാൽവഡോർ (ബ്രസീൽ) എന്നിവയാണ്. ഈ നിരയിലേക്കാണ് നമ്മുടെ നഗരവും എത്തിച്ചേർന്നിരിക്കുന്നത് എന്നത് തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല മുഴുവൻ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. രാജ്യത്ത് ഈ അംഗീകാരം കിട്ടിയ ഏക നഗരവും നമ്മുടെ തിരുവനന്തപുരമാണ്.
ഈജിപ്തിൽ ഇന്ന് നടന്ന ചടങ്ങിൽ വെച്ച് Habitat – Shanghai ഗ്ലോബൽ അവാർഡ് ഏറെ അഭിമാനത്തോടെ ഏറ്റുവാങ്ങി. എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും നഗരസഭയിലെ ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരം നഗരസഭയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഈ അവാർഡ് നേട്ടവും പതിവ് പോലെ നഗരത്തിലെ ജനങ്ങൾക്ക് സമർപ്പിക്കുകയാണ്.
നമ്മുടെ നഗരം ഒരു വൻവികസനകുതിപ്പിന് ഒരുങ്ങുന്ന ഘട്ടത്തിലാണ് ഈ അന്താരാഷ്ട്ര അവാർഡ് എന്നത് ഇരട്ടിമധുരമാണ്. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ പോകുന്ന സ്മാർട്ട് സിറ്റി പദ്ധതിയുടെ ഒന്നാം ഘട്ടം അതിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങുന്ന വേളയിലാണ് ഈ അംഗീകാരം എന്നത് ഇനിയും കൂടുതൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ട് പോകാനുള്ള കരുത്തും ഊർജ്ജവും നമുക്ക് എല്ലാവർക്കും നൽകും. അതിനായി നമുക്കൊരുമിച്ചു മുന്നേറാം… നമ്മുടെ നഗരത്തെ സ്മാർട്ടാക്കാം …