മെഡി. കോളേജ് ആശുപതി ഒപിടിക്കറ്റിൻ്റെ പേരിലുള്ള സമരം ദൗർഭാഗ്യകരം – സൂപ്രണ്ട്1 min read

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപിടിക്കറ്റിന് ഫീസ് ഈടാക്കാൻ തീരുമാനിച്ചുവെന്ന പ്രചരണവും അതിൻ്റെ പേരിലുള്ള സമരവും ദൗർഭാഗ്യകരമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ പറഞ്ഞു. ഒപി ടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന്
കഴിഞ്ഞ ആശുപത്രി വികസന സമിതി യോഗത്തിലെ ചർച്ചയിൽ വന്ന നിർദേശത്തിൻ്റെ പേരിലാണ് ഇപ്പോൾ സമരം നടക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനം ഒന്നും എടുത്തിട്ടില്ല. ആശുപത്രിയിൽ സംസ്ഥാന സർക്കാർ നടത്തി വരുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചികിത്സാ വിഭാഗങ്ങളിലേയ്ക്ക് ഒട്ടനവധി അത്യാധുനിക ഉപകരണങ്ങളാണ് വാങ്ങിയത്. ഇവയുടെ വാർഷിക അറ്റകുറ്റപ്പണികൾക്ക് ആശുപത്രി വികസന സമിതിയാണ് തുക കണ്ടെത്തേണ്ടത്. ഉപകരണങ്ങളുടെ എണ്ണത്തിന് അനുസരിച്ച് അറ്റകുറ്റപ്പണിയുടെ ചെലവും വർധിക്കും. ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകൾക്കുമൊപ്പം വാർഷിക അറ്റകുറ്റപ്പണിയുടെ കരാർ തുക കൂടിയാകുമ്പോൾ ആശുപത്രി വികസന സമിതിയുടെ ചെലവ് വൻതോതിൽ വർധിക്കും. ഈ പ്രശ്നം പരിഹരിക്കാനെന്ന നിലയിലാണ് ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കി അറ്റകുറ്റപ്പണിയ്ക്കുള്ള തുക കണ്ടെത്താമെന്ന നിർദേശം വിവിധ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ കൂടി ഉൾപ്പെട്ട
യോഗത്തിൽ വന്നത്. വർഷങ്ങൾക്കു മുമ്പ് ഇവിടെ ഒപിടിക്കറ്റിന് ഫീസ് ഈടാക്കിയിരുന്നു. മാത്രമല്ല നിലവിൽ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മറ്റു മെഡിക്കൽ കോളേജുകളിലും ഫീസ് ഈടാക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപിടിക്കറ്റിന് ഫീസ് ഈടാക്കണമെന്ന നിർദേശം വന്നത്. ഏതായാലും തീരുമാനമാകാത്ത വിഷയത്തിൽ നടക്കുന്ന സമരം തികച്ചും ദൗർഭാഗ്യകരമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ആശുപത്രി വികസന സമിതി വഴി പുതിയ നിയമനങ്ങൾക്കും തീരുമാനമെടുത്തുവെന്ന വാർത്തയും വാസ്തവ വിരുദ്ധമാണ്. സാധാരണ നടക്കുന്ന പോലെ ട്രയിനികളെ നിയമിക്കുന്നതല്ലാതെ മറ്റു നിയമനങ്ങൾ നടത്തുന്നില്ല. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയാണ് താൽക്കാലിക നിയമനങ്ങൾ നടത്തുന്നതെന്നും ഡോ സുനിൽകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *