9/5/23
തിരുവനന്തപുരം :സെക്രട്ടേറിയറ്റില്‍ വ്യവസായ മന്ത്രിയുടെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കും.
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് . മന്ത്രി പി രാജീവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജി വിനോദിന്‍റെ ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. സംഭവത്തില്‍ കണ്‍ഡോണ്‍മെന്‍റ് പൊലീസും കേസെടുത്തിട്ടുണ്ട്. ഫയലുകളൊന്നും കത്തി നശിച്ചിട്ടില്ലെന്നും തീപിടുത്തിന്‍റെ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിരിക്കുന്ന നോര്‍ത്ത് ബ്ലോക്കിനോട് ചേര്‍ന്ന് സാന്റ് വിച്ച് ബ്ലോക്കിലാണ് രാവിലെ 7.55 ഓടെ തീ കണ്ടത്. മൂന്നാം നിലയില്‍ മന്ത്രി പി രാജീവിന്‍റെ ഓഫീസിനോട് ചേര്‍ന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസ് അസിസ്റ്റന്‍റ് എത്തി എസി ഓണ്‍ ചെയ്തതിന് പിന്നാലെയാണ് സംഭവം. എസി കത്തിപ്പോയി. കര്‍ട്ടനിലേക്കും സീലിംഗിലേക്കും തീ പടര്‍ന്നു. ഓഫീസ് ഫര്‍ണിച്ചറുകളും കത്തി നശിച്ചു. ഫയര്‍ ഫോഴിസിന്‍റെ രണ്ട് യൂണിറ്റ് ആദ്യം സ്ഥലത്തെത്തി. 15 മിനിറ്റിനകം തന്നെ തീ പൂര്‍ണ്ണമായും അണച്ചു. ജില്ലാ കളക്ടറെത്തി സ്ഥിതി വിലയിരുത്തി. പൊലീസ് കേസെടുത്തിട്ടുണ്ട്. ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഇ ഫയലിംഗ് നടപ്പാക്കിയതിനാല്‍ എല്ലാം സുരക്ഷിതമാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.