26/11/2023
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം . 30 പേർക്ക് പരിക്കേറ്റു . 4 പേർ ഗുരുതരാവസ്ഥയിൽ.
കരമന കളിയിക്കാവിള ദേശീയപാതയിൽ നെയ്യാറ്റിൻകര മൂന്ന്കല്ലിൻമൂട്ടിൽ സമീപമാണ് അപകടം. അമിത വേഗത്തിൽ എത്തിയ ഇരു ബസുകളും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ മുഴുവൻ പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലും നിംസിലും പ്രവേശിപ്പിച്ചു. രണ്ട് ഡ്രൈവർമാരുടേയും പരിക്ക് ഗുരുതരമാണ്.
ഇടിയുടെ ആഘാതത്തിൽ രണ്ട് ബസുകളുടെയും മുൻവശം പൂർണമായി തകർന്നു. തിരുവനന്തപുരത്തു നിന്നു നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നു തിരുവനന്തപുരത്തേക്കും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകളാണ് കൂട്ടിയിടിച്ചത്. ഇരു ബസിലെയും ഡ്രൈവർമാരായ അനിൽ കുമാർ, എം.എസ്.സുനി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ബസിനുള്ളിൽ കുടുങ്ങിപ്പോയ ഇരുവരെയും അഗ് നിശമന സേനയെത്തി ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ബസിലെ കണ്ടക്ടർമാരായ ജി.ധന്യ രാജേഷ് എന്നിവർക്കും പരുക്കുണ്ട്.
മൂന്നുകല്ലിന്മുട്ടിലിനു സമീപം വളവ് കഴിഞ്ഞെത്തുമ്പോഴാണ് അപകടം. റോഡിലെ വെളിച്ചക്കുറവും അപകടത്തിന് ഇടയാക്കിയെന്നാണു സൂചന. വൻശബ്ദം കേട്ട് ഓടിക്കൂടിയവരാണ് അപകടത്തിൽപ്പെട്ട ബസിൽ ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. പിന്നാലെ അഗ് നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.