ഉല്ലാസ് മേള ജൂലൈ 14നും 15നും നിശാഗന്ധിയിൽ1 min read

 

തിരുവനന്തപുരം :സംസ്ഥാന സാക്ഷരതാ മിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ് മേളയ്ക്ക് ഞായറാഴ്ച (ജൂലൈ 14) നിശാഗന്ധിയിൽ തുടക്കമാകും. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള രാവിലെ 10ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എം.എൽ.എമാരായ ആന്റണി രാജു, കെ.ആൻസലൻ, ഡി.കെ മുരളി , വി.ശശി എന്നിവർ മുഖ്യാതിഥികളായിരിക്കും. സാക്ഷരതാപ്രവർത്തനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുസ്തകങ്ങളും ഉൾപ്പെടുത്തിയ പ്രദർശന സ്റ്റാൾ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ‘തുടർവിദ്യാഭ്യാസം തുല്യത, വൈജ്ഞാനിക സമൂഹം’, ‘നവകേരളത്തിന് പുതുസാക്ഷരത’ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.

തിങ്കാളാഴ്ച (ജൂലൈ 15) രാവിലെ 10ന് നടക്കുന്ന അനുമോദന സമ്മേളനം തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റിന്റെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷനാകും. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഐ.ബി സതീഷ്, ജി.സ്റ്റീഫൻ, എം.വിൻസെന്റ് എന്നിവരും പങ്കെടുക്കും. മികവ് പുലർത്തിയ പ്രേരക്മാരെയും ഉല്ലാസ് മികവുത്സവത്തിൽ പങ്കെടുത്ത വോളണ്ടറി ടീച്ചർമാരെയും ചടങ്ങിൽ അനുമോദിക്കും. ജില്ലാ കളക്ടർ ജെറോമിക് ജോർജ് മുഖ്യാതിഥി ആയിരിക്കും.

കാലനുസൃതമായ മാറ്റം സാക്ഷരതയിൽ ഉൾചേർത്തുകൊണ്ട് വിവിധതലങ്ങളിലുള്ള പരിപൂർണ സാക്ഷരത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ന്യൂ ലിറ്ററസി പ്രോഗ്രാം -ഉല്ലാസ് – കേരളത്തിൽ ആരംഭിക്കുന്നത്. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലയളവ് . 2023ൽ 58,428 പേരാണ് പദ്ധതിയിലൂടെ സാക്ഷരരായത്. കേരളത്തിൽ നിരക്ഷരരായി അവശേഷിക്കുന്ന 15 വയസിനു മുകളിലുളള സ്ത്രീകൾ, പെൺകുട്ടികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മറ്റ് ഇതര പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജൻഡർ-ക്വിർ വിഭാഗങ്ങൾ, പ്രത്യേക പരിഗണനാവിഭാഗങ്ങൾ, ചേരി/തീരദേശ നിവാസികൾ എന്നിവർ ഉൾപ്പെടുന്ന അവശേഷിക്കുന്ന നിരക്ഷരരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പഠനക്ലാസുകൾ പ്രധാനമായും ഡിജിറ്റൽ മാധ്യമങ്ങളുടെ സഹായത്തോടുകൂടിയാണ് നടപ്പാക്കുന്നത്. ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ നടന്നുവരുന്നു. സന്നദ്ധപ്രവർത്തകരെ അണിനിരത്തിയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *