സ്മാർട്ടായി ഉള്ളൂർ, കഴക്കൂട്ടം വില്ലേജ് ഓഫീസുകൾ1 min read

തിരുവനന്തപുരം :വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച സ്മാർട്ട് വില്ലേജ് പദ്ധതിയിലൂടെ കഴക്കൂട്ടം മണ്ഡലത്തിലെ രണ്ട് വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ട് ആയി. നിർമാണം പൂർത്തിയായ ഉള്ളൂർ, കഴക്കൂട്ടം സ്മാർട്ട് വില്ലേജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.
ഭൂരഹിതരില്ലാത്ത, ഭവനരഹിതരില്ലാത്ത കേരളമെന്നതാണ് നവകേരളത്തിന്റെ അടിസ്ഥാനങ്ങളിലൊന്നെന്ന് മന്ത്രി പറഞ്ഞു. റവന്യു വകുപ്പിനെ ഡിജിറ്റലൈസ് ചെയ്യുകയെന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമായിരുന്നു. കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാകുന്നതിലൂടെ റവന്യു വകുപ്പുമായി ബന്ധപ്പെട്ട സങ്കീർണമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന ഇടമായി വില്ലേജ് ഓഫീസുകൾ മാറുമെന്നും മന്ത്രി വ്യക്തമാക്കി.

കഴക്കൂട്ടം മണ്ഡലത്തിലെ എട്ട് വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് പദവിയിലേക്കെത്തുകയാണ്. ആറ്റിപ്ര, കടകംപള്ളി, ചെറുവയ്ക്കൽ, കഴക്കൂട്ടം, ഉള്ളൂർ എന്നിവയാണ് ഉദ്ഘാടനം ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസുകൾ. അയിരൂപ്പാറ, ഉളിയാത്തുറ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പൂർത്തിയായി. പാങ്ങപ്പാറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണം പുരോഗമിക്കുകയാണ്.

2020-21 വർഷത്തെ പ്ലാൻ സ്‌കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിൽ ഹാബിറ്റാറ്റ് ടെക്‌നോളജി ലിമിറ്റഡാണ് ഉള്ളൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിച്ചത്. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 55,27,000 രൂപ ചെലവിട്ട് കേരള സ്റ്റേറ്റ് നിർമിതി കേന്ദ്രം കഴക്കൂട്ടം വില്ലേജ് ഓഫീസിനെയും സ്മാർട്ടാക്കി. വിവിധ സേവനങ്ങൾക്കായി വില്ലേജ് ഓഫീസിലെത്തുന്നവർക്ക് തടസമില്ലാതെയും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പണിയുന്നത്. ഫ്രണ്ട് ഓഫീസ്, കാത്തിരിപ്പു കേന്ദ്രം, ഇരിപ്പിട-കുടിവെള്ള സൗകര്യം, ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളും ആധുനിക രീതിയിൽ പണികഴിപ്പിച്ച സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഉള്ളൂരിലും കഴക്കൂട്ടത്തുമായി നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ കവിത എൽ. എസ്, എം. ബിനു, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, തിരുവനന്തപുരം തഹസിൽദാർ ഷാജു എം. എസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *