27/6/23
ഡൽഹി :ദേശാഭിമാനി മുന്‍ പത്രാധിപ സമിതിയംഗം ജി.ശക്തീധരന്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മുഖ്യമ്രന്തി പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കേ ദേശാഭിമാനി കൊച്ചി ഓഫീസില്‍ നിന്ന് 2.35 കോടി രൂപ കൈതോല പായയില്‍ കെട്ടി കൊണ്ടുപോയി എന്നു പറയുന്നു. കൂടെയിരുന്ന് പണം എണ്ണിത്തിട്ടപ്പെടുത്തിയ ആളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഈ പണം ഇന്ന് പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി കൊണ്ടുപോയി എന്നും പറയുന്നു. ഒരു വ്യവായി 20 ലക്ഷം രൂപ കൊടുത്തുവെന്നും പറയുന്നു. ഇതില്‍ അന്വേഷണം വേണ്ടെയെന്നും പ്രതിപക്ഷ നേതാവ് ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ ഉന്നയിച്ചു.
തിരുവനന്തപുരം മുതല്‍ ടൈംസ്‌ക്വയര്‍ വരെ അറിയപ്പെടുന്ന ആളെ കുറിച്ച് ശക്തീധരന്‍ പറഞ്ഞ വെളിപ്പെടുത്തലില്‍ കേസെടുക്കാന്‍ ധൈര്യമുണ്ടോ? മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നടത്തണം.
ബംഗലൂരുവിലെ ഒരു മാധ്യമപ്രവര്‍ത്തക ‘ലീഡ് ‘ എന്ന ഓണ്‍ലൈന്‍ വഴി പുറത്തുവിട്ട വാര്‍ത്തയില്‍ പിണറായി വിജയന്‍ ചില റിയല്‍ എസ്‌റ്റേറ്റ് വ്യവസായികളുമായി ചേര്‍ന്ന് കര്‍ണാടകയിലും തമിഴ്‌നാട്ടിലും 1500 ഏക്കര്‍ ഭൂമി സ്വന്തമാക്കി വച്ചിരിക്കുന്നുവെന്ന് പുറത്തുവിട്ടിരിക്കുന്നു. അവരുടെ വെളിപ്പെടുത്തലിലെ ഒന്നാം ഘട്ടമാണിത്. അതില്‍ അന്വേഷണം വേണം. സത്യമല്ലെങ്കില്‍ ആ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കണം. 2018ല്‍ നെല്‍വയല്‍ നികത്തല്‍ നിയമം കൊണ്ടുവന്നത് ഇത്തരത്തില്‍ റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിനായിരുന്നുവെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
പനിപിടിച്ച് ആളുകള്‍ ആശുപത്രിയില്‍ കിടക്കുമ്ബോള്‍ മരുന്നുകൊടുക്കാന്‍ പറ്റുന്നില്ല. ഡോക്ടര്‍മാരെ നിയമിക്കുന്നില്ല. കണക്കുകള്‍ പുറത്തുവിടരുതെന്നാണ് ജില്ലാ തലത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ആളുകള്‍ പനിപിടിച്ച് അകത്തുകിടക്കുന്നു. അല്ലെങ്കില്‍ ആളുകള്‍ തെരുവുനായ്ക്കളുടെ കടി വാങ്ങുന്നു. സര്‍ക്കാരിന്റെ ശ്രദ്ധ ഭരണത്തിലല്ല, പണം സമ്ബാദനത്തിലാണ്.
സുധാകരനെതിരെയും തനിക്കെതിരെയും കേസെടുക്കാന്‍ കാണിച്ച ധൈര്യം മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉണ്ടോയെന്ന് കാണട്ടെ. സുധാകരനെതിരായ അന്വേഷണത്തില്‍ കുഴപ്പമില്ല. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം നടക്കണം. കേരളത്തില്‍ ഇരട്ട നീതിയാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ അഞ്ച് ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.
മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് പണം കിട്ടിയതെന്ന സ്രോതസ്സ് പുറത്തുവരണം. പണം കൊണ്ടുപോയ മന്ത്രി ആരാണെന്ന് ശക്തീധരന്‍ വെളിപ്പെടുത്തട്ടെ. വിരമിച്ച ഒരു അധ്യാപികയുടെ പണത്തിന്റെ ഉറവിടത്തെ കുറിച്ച് സ്‌കൂള്‍ ഹെഡ്മാസ്റ്ററോട് ചോദിച്ചിരിക്കുകയാണ്. സുധാകരന്റെ ഭാര്യയുടെ പേരും കുടുംബാംഗങ്ങളുടെ വിവരങ്ങളും പുറത്തുവിട്ട വിജിലന്‍സ് ഇതും പരിശോധിക്കാന്‍ തയ്യാറാകണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.