കേരളരാഷ്ട്രീയത്തിൽ കള്ളക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ; ഭൂരിപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനാവില്ല : വി.മുരളീധരൻ1 min read

 

തിരുവനന്തപുരം :പി.വി.അന്‍വര്‍ നേതൃത്വം നല്‍കുന്ന നിലമ്പൂര്‍ ഡോണ്‍സും പി.ശശി നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ഡോണ്‍സും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തിൽ ഇപ്പോൾ കാണുന്നതെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ.
സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കുപറ്റിയവർ തമ്മിൽ തെറ്റിയതാണ് കാണുന്നത്. ഇതിനെയെല്ലാം വെളുപ്പിക്കാൻ പിണറായിക്ക് കൂട്ടായി പിആർ ഏജൻസികളുണ്ടെന്നും വി.മുരളീധരൻ വിമർശിച്ചു.

എട്ടുവർഷം മുൻപേ പിണറായിയുടെ പിആർ പ്രചാരവേല തുറന്നുകാട്ടിയ വ്യക്തിയാണ് താൻ.
ഡാം തുറന്നു വിട്ട് ജനത്തെ മുക്കിക്കൊന്നപ്പോഴും ടെസ്റ്റുകളുടെ എണ്ണം കുറച്ചുവച്ച് കോവിഡിനെ പിടിച്ചു കെട്ടി എന്ന് പറഞ്ഞപ്പോഴും പി.ആർ വിജയിച്ചു. എന്നാൽ ഇന്ന് എത്ര ശ്രമിച്ചിട്ടും പി.ആർ എജൻസികൾക്ക് പിടിച്ചുനിൽക്കാനാകുന്നില്ലെന്നും വി.മുരളീധരൻ പറഞ്ഞു. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയാണ് പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

PR ഏജൻസിയെ വച്ച് നടത്തുന്ന ഗിമിക്കുകളിലൂടെ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതുന്ന പിണറായി വിജയൻ വിഡ്ഢികളുടെ സ്വർഗത്തിലാണ്.
ശബരിമല മുതൽ തൃശൂർ പൂരം വരെയുള്ള ഒന്നും ആരും മറക്കില്ല. അത്ര ആത്മാർത്ഥതയുണ്ടെങ്കിൽ അജിത് കുമാറിനെ മാറ്റി നിര്‍ത്തണം. ദ് ഹിന്ദു ദിനപത്രത്തിനെതിരെ കേസ് കൊടുക്കാൻ പിണറായി തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

പ്രതിപക്ഷ നേതാവാണ് പിണറായിയുടെ ഐശ്വര്യമെന്നും വി.മുരളീധരൻ പരിഹസിച്ചു. കള്ളക്കടത്തിന് കൂട്ടുനിന്ന പി.ശശിയേയും എഡിജിപിയേയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്നും മുൻകേന്ദ്രമന്ത്രി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *