വർക്കല :”സോദരത്വേന വാഴണമെന്ന ഗുരുദേവ ദർശനം” പിന്തുടരണമെന്ന് പ്രഖ്യാപിക്കുന്നവർക്ക് അപരമതദ്വേഷം പഠിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രോല്‍സാഹിപ്പിക്കാനാവില്ല എന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. തന്‍റേതല്ലാത്ത വിശ്വാസം പിന്തുടരുന്നവരുടെ തലവെട്ടുന്ന ശൈലി ഗുരുദര്‍ശനമല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുവിന്‍റെ പാത പിന്തുടരുന്നവർ ഒരു മതത്തെ പ്രീണിപ്പിക്കുകയും മറ്റ് മത വിശ്വാസങ്ങളെ ചവിട്ടി താഴ്ത്തുകയും ചെയില്ല വിനായകാഷ്ടകം എഴുതിയ ശ്രീനാരായണഗുരു തെളിച്ച പാതയിലൂടെ പോകുന്നവര്‍ക്ക് ” ഗണപതി മിത്താണ്” എന്ന് പഠിപ്പിക്കാനാവില്ല എന്നും മുന്‍ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശിവഗിരി തീർത്ഥാടന മഹാമഹം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവൻ സനാതനധര്‍മ വിരോധിയായിരുന്നു എന്നത് ചില പ്രത്യേക പ്രത്യയശാസ്ത്രം പിന്‍പറ്റുന്നവരുടെ കുപ്രചരണമാണ്. ഗുരുദേവദർശനം രൂപം കൊണ്ടത് സനാതന ധർമത്തിന്‍റെ അടിത്തറയിലാണ്. ”പലമതസാരവുമേകം” എന്ന് ഗുരു പഠിപ്പിച്ചത് ”ഏകം സദ് വിപ്രാ ബഹുധാ വദന്തി” എന്ന ഉപനിഷത് വാക്യത്തെ അടിസ്ഥാനമാക്കിയാണ്. ഹിന്ദുമതത്തിന്‍റെ മഹത്വത്തെക്കുറിച്ച് ഗുരുവിന്‍റെ മുഖ്യശിഷ്യനായിരുന്ന കുമാരനാശാന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് മുരളീധരന്‍ ഓര്‍മിപ്പിച്ചു. ചരിത്രത്തെ എത്ര വക്രീകരിക്കാന്‍ ശ്രമിച്ചാലും ഇതെല്ലാം മറയ്ക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അധിനിവേശക്കാരുടെ മതചിന്തകളല്ല ഗുരുദേവനെ സ്വാധീനിച്ചത്, മറിച്ച് ഭാരതീയമായ വേദങ്ങളും ഉപനിഷത്തുക്കളുമാണ് എന്ന് മുരളീധരന്‍ പറഞ്ഞു. ”വിദ്യകൊണ്ട് പ്രബുദ്ധരാവണം” എന്ന് സമൂഹത്തെ ഉദ്ബോധിപ്പിക്കാന്‍ ഗുരുവിന് ഒരു വിദേശമതത്തിന്‍റെയും സ്വാധീനം ആവശ്യമുണ്ടായിരുന്നില്ല. പൗരാണികഭാരതം വിദ്യാഭ്യാസത്തിന് അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നു എന്ന് പ്രശ്നോപനിഷത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
ജനാധിപത്യവിരുദ്ധ പ്രവണതകളും മതരാഷ്ട്രവാദവും ഭേദിച്ച് വിശ്വശാന്തിക്ക് ഉതകും മട്ടിൽ ശ്രീനാരായണ ധർമത്തെ പ്രചരിപ്പിക്കാനാവണം എന്നും വി.മുരളീധരന്‍ പറഞ്ഞു.