വയനാട് ധനസഹായം: ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്കും മറുപടിയില്ല-വി.മുരളീധരന്‍1 min read

 

തിരുവനന്തപുരം ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ചട്ടപ്രകാരം സംസ്ഥാനസര്‍ക്കാരുകള്‍ക്കാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേന്ദ്രസര്‍ക്കാര്‍ തരുന്ന പണം വാങ്ങി കൊടുക്കുന്ന പോസ്റ്റോഫീസല്ല സംസ്ഥാനസര്‍ക്കാരെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഹൈക്കോടതിയില്‍ നിന്നേറ്റ അടിയുടെ ജാള്യത മറയ്ക്കാൻ അസത്യങ്ങള്‍ എഴുതിവായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ മുരളീധരന്‍ വിവിധ ചോദ്യങ്ങളുയര്‍ത്തി.

1. സംസ്ഥാനത്ത് പോയവര്‍ഷങ്ങളില്‍ ആകെയുണ്ടായ ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങള്‍ എത്ര? ഇതില്‍ ദുരന്തനിവാരണഫണ്ടില്‍ നിന്ന് എവിടെയെല്ലാം ഇനി പണം ചിലവിടാനുണ്ട് ?

2. മുണ്ടക്കൈ– ചൂരല്‍മല ദുരന്തത്തിന് സംസ്ഥാനദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചിലവഴിച്ചു, ഇനിയെത്ര കൊടുക്കാനാകും?

3.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുണ്ടക്കൈ– ചൂരല്‍മല ദുരന്ത പശ്ചാത്തലത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നല്‍കിയ 70 കോടിയടക്കം ( ആകെ 658 കോടി) ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ എന്താണ് തടസം ?

4.സംസ്ഥാന സര്‍ക്കാര്‍ മൂന്നു മാസമെടുത്ത് തയാറാക്കിയ 538 പേജ് പിഡിഎന്‍എ റിപ്പോര്‍ട്ട് പഠിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം വേണ്ടേ ?

5. പിഡിഎന്‍എ പ്രകാരം പുനര്‍നിര്‍മാണത്തിന് പണം ലഭിച്ചാലും ദുരന്തബാധിതർക്ക് വീടുവച്ച് നൽകാൻ സ്ഥലം സർക്കാർ കണ്ടെത്തിയിട്ടുണ്ടോ ?

6. ദേശീയദുരന്തനിവാരണ നിയമത്തിന്‍റെ പതിമൂന്നാം വകുപ്പുപ്രകാരം ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളമെന്നാവശ്യപ്പെടുമ്പോള്‍ എത്ര കടം എഴുതിത്തള്ളാനുണ്ട് എന്ന കണക്ക് ബാങ്കേഴ്സ് സമിതിക്ക് കൊടുത്തിട്ടുണ്ടോ ? കണക്ക് പുറത്തുവിടുമോ ∙?

7. ആഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെന്ന് പറയുന്ന നിവേദനത്തില്‍ ഒരു ശവസംസ്ക്കാരത്തിന് 75,000 രൂപ ചിലവിട്ടു എന്നതടക്കമല്ലേ എഴുതിയിരിക്കുന്നത് ? അത് വസ്തുതകള്‍ക്ക് നിരക്കുന്നതാണോ ?

8. കേരളത്തിനുള്ള SDRF വിഹിതത്തിന്‍റെ ഗഡുക്കളായ 145.60 കോടി ജൂലൈ 31നും ഒക്ടോബര്‍ ഒന്നിനും നല്‍കി. മന്ത്രിതലസമിതി റിപ്പോര്‍ട്ട് പ്രകാരം 153 കോടിയും നല്‍കി. ഒക്ടോബറില്‍ നല്‍കിയത് ഡിസംബറില്‍ നല്‍കേണ്ട തുകയാണ്. ഇതാണോ രാഷ്ട്രീയ വിരോധം?

കരുതലും കൈത്താങ്ങും വാക്കിലല്ല പ്രവര്‍ത്തിയിലാണ് ഉണ്ടാകേണ്ടതെന്നും മുരളീധരന്‍ മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *