വിദ്യാർത്ഥികളുടെ കഴിവ് കണ്ടെത്തി പരിപോഷിപ്പിക്കാനാകണം: വി. മുരളീധരൻ1 min read

 

തിരുവനന്തപുരം :സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ട നിതാന്ത പരിശ്രമം ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പാന്‍റ്സ് ധരിപ്പിക്കുന്നതിനാകരുത് മറിച്ച് വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരം ഉയര്‍ത്തുന്നതിനാവണം മുന്‍ഗണന എന്നും വി.മുരളീധരൻ പറഞ്ഞു. ബിജെപി മടവൂർ പഞ്ചായത്ത് സംഘടിപ്പിച്ച SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുടെ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് വിജയിപ്പിച്ചാൽ രാജ്യാന്തര തല മത്സരങ്ങളിൽ കുട്ടികൾ പിന്തള്ളപ്പെട്ടു പോകും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ സമഗ്രവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ പാഠ്യപദ്ധതി നടപ്പാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം. പ്രധാനമന്ത്രി സ്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ ( പി.എംശ്രീ ) പദ്ധതികൾ അതിന് വേണ്ടിയുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കലാപോഷിണി വായനശാലയിൽ നടന്ന പരിപാടിയിൽ ഹരിതകര്‍മസേന, ആശാവര്‍ക്കേഴ്സ് അംഗങ്ങളെയും മന്ത്രി ആദരിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ ഏറെ ആദരവോടെ കാണുന്നവരാണ് ആശ പ്രവർത്തകരെന്നും ആയുഷ്മാന്‍ ഭാരതിന് കീഴില്‍ അവരെ കൊണ്ടുവന്നത് അതുകൊണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. ഹരിതകർമ സേന സഹോദരിമാര്‍ സമൂഹത്തിന് ചെയ്യുന്ന വലിയ നന്മകളെ നമുക്ക് ആദരവോടെ കാണാമെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *