ഡൽഹി :വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയത് സംസ്ഥാന സർക്കാരിന്‍റെ വീഴ്ചയെന്ന് വി.മുരളീധരൻ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്‍റിന് മുന്നിൽ അവതരിപ്പിച്ച വസ്തുതകൾ ഗൌരവത്തിൽ ചർച്ച ചെയ്യപ്പെടണം. ദുരന്തമുഖത്ത് കേരളത്തോടൊപ്പം കേന്ദ്രസർക്കാർ ഉണ്ട്. എന്നാൽ മുന്നറിയിപ്പുകളെ അവഗണിച്ചവർക്ക് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മുൻ കേന്ദ്രമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു
ജൂലൈ 23,24,25,26 തീയതികളിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് അതിതീവ്രമഴ സംബന്ധിച്ച മുന്നറിയിപ്പ് നൽകി. ആളുകളെ ഒഴിപ്പിക്കണെമന്ന സന്ദേശം നൽകി. സംസ്ഥാന സർക്കാർ ഇത് അവഗണിച്ചു. അപകടത്തിൽ ആളപായം കൂട്ടിയതും ദുരന്ത വ്യാപ്തി വർധിപ്പിച്ചതും ഇതാണ്. അമിത് ഷായുടെ വാക്കുകളുടെ അന്തസത്ത ഉൾക്കൊണ്ട് ഒരു അവലോകനത്തിന് കേരള സർക്കാർ തയാറാകണമെന്നും സാങ്കേതികതയിൽ പിടിക്കരുതെന്നും വി.മുരളീധരൻ പറഞ്ഞു.
2018 പ്രളയത്തിന് ശേഷം ആറുവർഷം എന്തുചെയ്തെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ഡൽഹി ഐഐടി കഴിഞ്ഞ വർഷം തയാറാക്കിയ ഉരുൾപൊട്ടൽ സാധ്യതാ മാപ്പിൽ വയനാടിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എന്നിട്ടും മുന്നൂറിലധികം അനധികൃത നിർമാണം വയനാട്ടിൽ നടന്നു. സ്വന്തം വീഴ്ചകൾ മറക്കാൻ മുഖ്യമന്ത്രി തൊടുന്യായം പറയരുതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
ആഭ്യന്തരവകുപ്പും പ്രതിരോധ വകുപ്പും സജീവമായി ദുരന്തമുഖത്ത് ഉണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. ആഭ്യന്തരമന്ത്രി ആരേയും കുറ്റപ്പെടുത്തിയിട്ടില്ല. ഇടത് എംപിമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ് ചെയ്തതെന്നും മുരളീധരൻ പ്രതികരിച്ചു.