കേരളത്തിന് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ ഏറെ; പലിശരഹിത വായ്പ സംസ്ഥാനം പ്രയോജനപ്പെടുത്തണം: വി.മുരളീധരൻ1 min read

 

തിരുവനന്തപുരം :തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന് പ്രയോജനപ്പെടുന്നതാണ് കേന്ദ്രബജറ്റെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും നൈപുണ്യവികസനവും യുവാക്കള്‍ നാടുവിടുന്നത് കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാലുകോടിയിലധികം ചെറുപ്പക്കാര്‍ക്ക് തൊഴിലുറപ്പാക്കുമെന്ന് പറയുന്നത് പ്രതീക്ഷയേകുന്നതാണ്. പുതുതായി ജോലിയില്‍ കയറുന്നവരുടെ ആദ്യ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നത് വിപ്ലവകരമായ തീരുമാനമാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

ബജറ്റില്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ വായ്പ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടും. മുദ്രാലോൺ ഇരട്ടിയാക്കിയതും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള ‘ഏയ്ഞ്ചല്‍’ ടാക്‌സ് റദ്ദാക്കിയതും യുവസംരംഭകർക്ക് ആത്മവിശ്വാസം പകരുമെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അടിസ്ഥാനസൗകര്യവികസനത്തിന് സംസ്ഥാനങ്ങൾക്ക് അമ്പത് വര്‍ഷത്തേക്ക് നല്‍കുന്ന പലിശരഹിത വായ്പ കേരളം പ്രയോജനപ്പെടുത്തണം. കിഫ്ബിയെ ആശ്രയിക്കുന്നതിന് പകരം ഈ സാധ്യത ഉപയോഗപ്പെടുത്തി സാമ്പത്തിക പ്രതിസന്ധിയെ നേരിടണം. കേരളത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് ആക്കം കൂട്ടും.

ആന്ധ്രപ്രദേശും ബിഹാറും കൃത്യമായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചതിനാലാവണം പദ്ധതികള്‍ കിട്ടിയത്. കേരളസര്‍ക്കാര്‍ ഇത്തരത്തില്‍ മുന്‍ഗണന നിശ്ചയിച്ച് പദ്ധതികള്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചിരുന്നോ എന്ന് വി.മുരളീധരന്‍ ചോദിച്ചു. സുപ്രീംകോടതി തളളിയ വാദങ്ങളാണ് കെ.എന്‍.ബാലഗോപാല്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *